കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിലെ ക്വഹ്‌ലതി ഗ്രാമത്തിൽ ഇന്ന് പ്രതിദിനം ഒഴുകിയെത്തുന്നത് നാലായിരത്തോളം പേരാണ്. ഇവിടുത്തെ ഭൂമി കുഴിച്ച ഒരു ആട്ടിടയന് വജ്രത്തിന് സമാനമായ വസ്തു ലഭിച്ചതോടൊണ് വൻ ജനപ്രവാഹം ദിനംപ്രതി പ്രദേശത്തേയ്‌ക്ക് ഒഴുകിയെത്തുന്നത്. നേരത്തെ അര മണിക്കൂർ കൂടുമ്പോൾ മാത്രം ഒരു കാർ കടന്നുപോയിരുന്ന പ്രദേശമായിരുന്നു ഇത്.
ജൂൺ ഒൻപത് മുതലാണ് ഇവിടെ നിന്ന് ഇത്തരം കല്ലുകൾ കിട്ടിത്തുടങ്ങിയത്. വജ്രത്തിന് സമാനമായ സ്ഫടിക രൂപത്തിലുള്ള കല്ലുകളാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. ഒരേസമയം ആയിരത്തിന് മുകളിൽ ആളുകളാണ് ഇവിടെ പിക്കാസും കൈക്കോട്ടുമായൊക്കെ എത്തുന്നത്. ഇന്റർനെറ്റ് ലഭ്യത കുറവായ പ്രദേശമായതിനാൽ ഗ്രാമത്തിൽ സമൂഹമാദ്ധ്യമങ്ങൾ സജീവമല്ലാത്തതിനാൽ ഇക്കാര്യം ആദ്യം പ്രചരിച്ചില്ല. എന്നാലിപ്പോൾ വലിയ ജനത്തിരക്കാണ് ഇവിടെ ഭാഗ്യം പരീക്ഷിക്കാനെത്തുന്നത്. പ്രദേശത്ത് നിന്നുള്ള ചിത്രങ്ങളെല്ലാം വൈറലാണ്.
കാലങ്ങളായി ജീവിതം വഴിമുട്ടിയവരും തൊഴിൽരഹിതരായവരുമാണ് വജ്ര ഖനനത്തിനായി ആവേശത്തോടെ ഇറങ്ങി തിരിച്ചിരിക്കുന്നത്. വജ്രം ലഭിച്ച പലരും തുച്ഛവിലയ്‌ക്ക് വിൽപ്പന നടത്തിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇവ വജ്രങ്ങളല്ലെന്നും മറിച്ച് ക്വാർട്‌സ് ക്രിസ്റ്റൽ തരികളാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രദേശത്ത് കൂട്ടം കൂടിയവരോട് പിരിഞ്ഞു പോകാനും പ്രാദേശിക ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ പ്രദേശത്തേയ്‌ക്ക് ഭൂമിശാസ്ത്ര, ഖനന വിദഗ്ധരെ അയക്കുമെന്ന് ഖനന വകുപ്പ് അധികൃതർ അറിയിച്ചു. പ്രദേശത്ത് നിന്നും ലഭിച്ച വജ്ര സാംപിളുകൾ പരിശോധിക്കുമെന്നും വിശകലനം നടത്തുമെന്നും ഖനന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലോകത്ത് വൻകിട വജ്ര നിക്ഷേപമുള്ള രാജ്യങ്ങളിൽ ഒന്നാം നിരയിലാണ് ദക്ഷിണാഫ്രിക്ക. ഇരാസ്മസ് ജേക്കബ്‌സ് എന്ന യുവ കർഷകനാണ് പ്രദേശത്ത് ആദ്യമായി വജ്രം കണ്ടെത്തിയത്. 1866ലായിരുന്നു ഇത്.
Comments