ന്യൂഡൽഹി : അതിർത്തി മേഖലയിൽ പാകിസ്താൻ ഡ്രോണുകൾ കണ്ടെത്തിയതായി സുരക്ഷാ സേന. പഞ്ചാബ് ഗുർദാസ്പൂർ ജില്ലയിലെ ദേര ബാബ നാനക്കിലാണ് സംഭവം. ഇന്ന് രാവിലെ 4.30 ഓടെയാണ് ഇന്ത്യൻ ഭൂപ്രദേശത്ത് പാകിസ്താൻ ഡ്രോൺ കണ്ടെത്തിയത്.
ഡ്രോണിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ സുരക്ഷാ സൈനികർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ ഡ്രോണുകൾ പാകിസ്താനിലേയ്‌ക്ക് തിരികെ പോയി എന്ന് സുരക്ഷാ സേന അറിയിച്ചു.
കഴിഞ്ഞ മാസം പാകിസ്താൻ ഡ്രോണുകൾ ഉപയോഗിച്ച് രാജ്യത്തെത്തിച്ച ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തിരുന്നു. എകെ 47, 9 എംഎം പിസ്റ്റൾ, മാഗസിൻ തുടങ്ങിയ ആയുധങ്ങളാണ് സേന കണ്ടെടുത്തത്. ഡ്രോണുകൾ ഉപയോഗിച്ചുള്ള ആയുധക്കടത്ത് അതിർത്തിയിൽ വർദ്ധിച്ചിരിക്കുന്നതിനാൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.
















Comments