തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കേസുകളിലായി പിടിച്ചെടുത്ത വാഹനങ്ങൾ പോലീസ് സ്‌റ്റേഷൻ പരിസരങ്ങളിലും റോഡരികിലും കൂട്ടിയിടരുതെന്ന് പോലീസിന് ഡിജിപി ലോക്‌നാഥ് ബെഹറയുടെ മുന്നറിയിപ്പ്. ഇതുസംബന്ധിച്ച മാർഗനിർദ്ദേശം പുറത്തിറക്കിയതായാണ് റിപ്പോർട്ട്. പിടിച്ചെടുത്ത വാഹനങ്ങൾ അടിയന്തിരമായി നീക്കം ചെയ്യാനാണ് ലോക്‌നാഥ് ബെഹറയുടെ നിർദ്ദേശം. ഇപ്പോൾ കൂടിക്കിടക്കുന്ന വാഹനങ്ങൾ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്ഥലം കണ്ടെത്തി മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്.
ഇനിമുതൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ കൂട്ടിയിടാൻ അനുവദിക്കില്ലെന്നും ജില്ലാ പോലീസ് മേധാവിമാരും ഡിഐജിമാരും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നതായാണ് റിപ്പോർട്ട്. ആവശ്യമില്ലാത്ത വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാൻ പാടില്ലെന്നും നടപടിയെടുത്ത ശേഷം തിരികെ വിട്ടുകൊടുക്കണമെന്നും മാർഗ്ഗനിർദ്ദേശത്തിൽ ഉൾപ്പെടുന്നു.
പോലീസ് പിടികൂടുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ദേശീയ പാതകൾ ഉൾപ്പെടെയുള്ളയുള്ള റോഡുകളുടെ വശത്ത് കൂട്ടിക്കിടക്കുകയാണ്. ഒരുപാട് പഴക്കം ചെന്നതും തുരുമ്പ് പിടിച്ചതുമായ നിരവധി വാഹനങ്ങളാണ് കൂടിക്കിടക്കുന്നത്. ഇത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി ശ്രദ്ധയിൽപ്പെടുത്തിയതായും തുടർന്നാണ് അടിയന്തിര നടപടിയെന്നും ലോക്‌നാഥ് ബെഹറ അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളുടേയും സമീപത്തെ റോഡുകളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് അറിയിക്കാൻ സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയ്‌ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം വാഹനങ്ങൾ ഒരു മാസത്തിനുള്ളിൽ നീക്കം ചെയ്യാനാണ് പോലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
Comments