ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഐടി നിയമം പാലിക്കാൻ വിമുഖത കാണിച്ച ട്വിറ്റിന്റെ വാദങ്ങളെ തള്ളി പാർലമെന്ററി കമ്മറ്റി. രാജ്യത്തെ നിയമങ്ങളാണ് പ്രധാനമെന്നും കമ്പനിയുടെ നയങ്ങളല്ലെന്നും കമ്മറ്റി വ്യക്തമാക്കി. എന്തുകൊണ്ട് ചീഫ് കംപ്ലെയിൻസ് ഓഫീസറെ നിയമിച്ചില്ലെന്ന് ട്വിറ്ററിനോട് ചോദിച്ച പാനൽ നിയമങ്ങൾ എല്ലാവർക്കും ബാധകമാണെന്നും അറിയിച്ചു. ട്വിറ്ററിനുള്ള അവസാന അവസരമാണിതെന്നും സമിതി മുന്നറിയിപ്പ് നൽകി.
ട്വിറ്റർ ഇന്ത്യയിലെ രണ്ട് ഉദ്യോഗസ്ഥരാണ് പാനലിന് മുന്നിൽ ഹാജരായത്. കൊറോണ മഹാമാരിയും പോളിസിയുമാണ് നിയമം പാലിക്കാൻ തടസ്സമായതെന്നാണ് ട്വിറ്റർ ചൂണ്ടിക്കാട്ടിയത്. കൂടാതെ തങ്ങൾ ഇന്ത്യൻ നിയമത്തെ ബഹുമാനിക്കുന്നുണ്ടെന്നും ട്വിറ്റർ വിശദീകരിച്ചിരുന്നു. എന്നാൽ രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ട്വിറ്ററിനെതിരെ പിഴ ചുമത്താതിരിക്കണമെങ്കിൽ വ്യക്തമായ കാരണം രേഖാമൂലം അറിയിക്കണണെന്നും ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സമിതി വ്യക്തമാക്കി.
ഇന്ത്യയിലെ നിയമങ്ങൾ പരമോന്നതമാണെന്നും ട്വിറ്റർ അത് അനുസരിച്ചേ മതിയാകൂ എന്നും പാനൽ പറഞ്ഞു. മെയ് 26ന് നിലവിൽ വന്ന ഐടി ചട്ടങ്ങൾ പാലിക്കാൻ ട്വിറ്റർ ഇതുവരെ തയ്യാറായിട്ടില്ല. ട്വിറ്ററിന്റെ മെല്ലപ്പോക്കിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. അതിനിടെ ഫേസ്ബുക്ക്, ഗൂഗിൾ, യുട്യൂബ് തുടങ്ങിയവരോടും പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മറ്റിക്ക് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
















Comments