ഗ്ലാസ്‌ഗോ: യൂറോ കപ്പിൽ ക്രൊയേഷ്യക്ക് തകർപ്പൻ ജയം. സ്‌കോട്‌ലാന്റിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പെരിസിച്ചും മോഡ്രിച്ചും ചേർന്ന മുന്നേറ്റ നിര തകർത്തത്. മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ടും പ്രീക്വാർട്ടറിലെത്തി. ചെക് റിപ്പബ്ലിക്കിനെ ഏക ഗോളിനാണ് ഇംഗ്ലീഷ് നിര തോൽപ്പിച്ചത്.
മികച്ച ജയം അനിവാര്യമായിരുന്ന മത്സരത്തിൽ ലോകോത്തര സ്‌ട്രൈക്കർമാരായ മോഡ്രിച്ചും പെരിസിച്ചും നടത്തിയ നീക്കങ്ങളാണ് ക്രൊയേഷ്യക്ക് ഉശിരൻ ജയം സമ്മാനിച്ചത്. ഗ്രൂപ്പിൽ ഒരു പോയിന്റ് മാത്രമായി നിന്ന ക്രൊയേഷ്യ നിർണ്ണായക ജയമാണ് നേടിയത്. 17-ാം മിനിറ്റിൽ വ്‌ലാസിച്ചാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതിയിൽ തന്നെ സ്‌കോട്‌ലാന്റ് ഗോൾ മടക്കി. 42-ാം മിനിറ്റിൽ കല്ലം മക്ഗ്രിഗറാണ് സ്‌കോട്‌ലാന്റിനായി സമനിലഗോൾ നേടിയത്.
രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് ക്രൊയേഷ്യ മടങ്ങിവന്നത്. 62-ാം മിനിറ്റിൽ ലൂക്കാ മോഡ്രിച്ചും 77-ാം മിനിറ്റിൽ ഇവാൻ പെരിസിച്ചുമാണ് ഗോളുകൾ നേടിയത്. പ്രീക്വാർട്ടർ എതിരാളികളാരെന്ന് തീരുമാനം ആയിട്ടില്ല.
രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് മികച്ച ഒരു ജയം നേടാനായില്ല. ചെക് റിപ്പബ്ലിക്കിനെ ഒരു ഗോളിനാണ് ഹാരീ കെയിന്റെ ടീമിന് തോൽപ്പിക്കാനായത്. കളിയുടെ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ട് ഗോൾ നേടി. 12-ാം മിനിറ്റിൽ റഹീം സ്‌റ്റെർലിംഗാണ് ഇംഗ്ലണ്ടിനായി ഗോൾ നേടിയത്.
















Comments