ലക്‌നൗ: ഗാസിയാബാദ് സംഭവത്തിൽ മുൻകൂർ ജാമ്യം തേടി ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരി കോടതിയെ സമീപിച്ചു. കർണാടക ഹൈക്കോടതിയിലാണ് ജാമ്യ ഹർജി നൽകിയിരിക്കുന്നത്. വൃദ്ധനെ ആക്രമിച്ച വീഡിയോ വർഗ്ഗീയ വിദ്വേഷം പടർത്താൻ ഉപയോഗിച്ചുവെന്ന കേസിലാണ് ജാമ്യം തേടുന്നത്. ലോണി പോലീസ് സേ്റ്റഷിൽ ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകണമെന്ന് പോലീസ് നിർദ്ദേശിച്ചിരുന്നു. പോലീസിന് മുന്നിൽ ഹാജരാകാൻ മനീഷ് മഹേശ്വരി തയ്യാറായിട്ടില്ല.
രാവിലെ പത്ത് മണിക്ക് പോലീസ് സ്‌റ്റേഷനിൽ ഹാജരാകുമെന്ന് മനീഷ് മഹേശ്വരിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ അദ്ദേഹം ചോദ്യ ചെയ്യലിനായി എത്തിയിട്ടില്ല. അറസ്റ്റിനെ ഭയന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാത്തതെന്നാണ് വിവരം. വെർച്വലായി ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് തിങ്കളാഴ്ച അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ പോലീസ് ഇത് അനുവദിച്ചിട്ടില്ല.
വീഡിയോ പ്രചരിപ്പിച്ചതിന് ട്വിറ്ററിന് പുറമെ കോൺഗ്രസ് നേതാക്കൾക്കും മാദ്ധ്യമ പ്രവർത്തകർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലാണ് മുസ്ലീം വയോധികനെ മർദ്ദിച്ചതെന്ന തരത്തിലാണ് വീഡിയോ പ്രചരിപ്പിച്ചത്.
ഗാസിയാബാദ് പോലീസ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നിട്ടും വീഡിയോ നീക്കം ചെയ്യാൻ ട്വിറ്ററോ മാദ്ധ്യമ പ്രവർത്തകരോ ആരും തന്നെ തയ്യാറായില്ല. തുടർന്നാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തത്. കേന്ദ്രസർക്കാരിന്റെ പുതുക്കിയ ഐടി ചട്ടം അംഗീകരിക്കാനോ ഇന്ത്യയിൽ കംപ്ലെയ്ൻസ് ഓഫീസറെ നിയമിക്കുവാനോ ട്വിറ്റർ തയ്യാറായിരുന്നില്ല. അതുകൊണ്ടാണ് കമ്പനിയുടെ ഇന്ത്യയിലെ ചുമതലക്കാരെ തന്നെ പ്രതിയാക്കി കേസെടുത്തത്
















Comments