സോൾ: ഉത്തര കൊറിയൻ ഏകാധിപതി കിം ജോംങ് ഉന്നിന് രോഗമെന്ന സംശയം വീണ്ടും ചർച്ചയാവുന്നു. ലോകത്തെ വലിയ ഏകാധിപതിയായി കരുതുന്ന കിമ്മിന്റെ ക്ഷീണമാണ് മാരകരോഗമാണെന്ന തരത്തിലുള്ള സംശയങ്ങൾക്ക് വഴിയൊരുക്കുന്നത്. കാര്യമായി വേദിയിൽ പ്രത്യക്ഷപ്പെടാറില്ലാത്ത കിം അടുത്ത കാലത്ത് തീർത്തും അജ്ഞാതവാസം നടത്തുന്ന സാഹചര്യത്തിൽ ഈ ഊഹാപോഹങ്ങൾ ശക്തമാകുകയാണ്.
കിമ്മിന്റെ പഴയതും ഏറ്റവും പുതിയതുമായ ചിത്രങ്ങളെ താരതമ്യപ്പെടുത്തിയാണ് രോഗ ചർച്ചകൾ സോഷ്യൽ മീഡിയയിൽ അടക്കം പുരോഗമിക്കുന്നത്. അടുത്തിടെ പാർട്ടി മീറ്റിംഗിൽ പുറത്തുവന്ന അദ്ദേഹത്തിന്റെ ഫോട്ടോയുടെ അടിസ്ഥാനത്തിൽ, ധാരാളം ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ശരീരഭാരം കുറയുന്നത് ഉത്തര കൊറിയയിലെ ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിച്ചതായി വിദേശ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. രോഗം മൂലമാണ് ഭാരം കുറയുന്നതെന്നാണ് ചിലരുടെ വിലയിരുത്തൽ.
കിമ്മിന്റെ ശരീരം ക്ഷീണിച്ചതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ജൂൺ ആദ്യം തുടങ്ങിയിരുന്നു. വളരെ കാലത്തിനുശേഷമാണ് അദ്ദേഹം പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത്. കിമ്മിന്റെ ഭാരം വളരെയധികം കുറഞ്ഞതായി നേരത്തേ ഉത്തര കൊറിയൻ വിദഗ്ധർ പറഞ്ഞിരുന്നു. ഒരു മാസത്തിനുശേഷം കിം പെട്ടെന്ന് പാർട്ടി മീറ്റിങ്ങിനായി മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ,രണ്ട് ചിത്രങ്ങളും താരതമ്യപ്പെടുത്തി ചർച്ചകളും ആരംഭിച്ചു.
കുറച്ചു നാൾ മുമ്പ് രാജ്യത്തിന്റെ സ്ഥാപകനും മുത്തച്ഛനുമായ കിം ഇൽ സാങ്ങിന്റെ ജന്മവാർഷികാഘോഷത്തിൽ കിം പങ്കെടുക്കാതിരുന്നത് വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. 2014 ലും കിം രോഗബാധിതനാണെന്ന രീതിയിലുളള വാർത്തകൾ പുറത്തു വന്നിരുന്നു. അന്താരാഷ്‌ട്ര രഹസ്യാന്വേഷണ ഏജൻസികളും വിദഗ്ധരും മാദ്ധ്യമങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ ഉത്തരകൊറിയ കടുത്ത ഭക്ഷ്യക്ഷാമത്തിലാണെന്ന വാർത്തകളും പുറത്തുവന്നിരുന്നു. കഴിഞ്ഞ വർഷം ചുഴലിക്കാറ്റിനെ തുടർന്ന് വൻ കൃഷി നാശം ഉണ്ടാവുകയും ധാന്യ ഉത്പാദനം കുറയുകയും ചെയ്തു. തുടർന്ന് ഇവിടെ സാധനങ്ങൾക്ക് വില കൂട്ടിയതും വാർത്തയായിരുന്നു. ഒരു കിലോ പഴത്തിന് 3,336 രൂപയാണെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാപ്പിപ്പൊടി ഒരു പായ്‌ക്കറ്റിന് 5,167 വരെ എത്തി അതോടെ ഒരു കിലോയ്‌ക്ക് ഏഴായിരത്തിനും മുകളിലാവും വില.
















Comments