ലക്‌നൗ: ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരിയുടെ അറസ്റ്റ് തടഞ്ഞ കർണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ ഉത്തർപ്രദേശ് പോലീസ് സുപ്രീം കോടതിയെ സമീപിച്ചു. അറസ്റ്റ് തടഞ്ഞ ഹൈക്കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. അതേസമയം യുപി പോലീസിന്റെ ഹർജിയ്‌ക്കെതിരെ ട്വിറ്ററും സുപ്രീം കോടതിയിൽ തടസ്സ ഹർജി നൽകിയിട്ടുണ്ട്.
ഗാസിയാബാദ് സംഭവത്തിൽ മനീഷ് മഹേശ്വരിയോട് ഹാജരാകാൻ യുപി പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മനീഷ് മഹേശ്വരി ഹാജരാകുന്നതിന് പകരം കർണാടക ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിനെതിരായ നടപടികൾ താത്കാലികമായി തടഞ്ഞ് ഹൈക്കോടതി ഉത്തരവിറക്കി. ഇതിനെതിരെയാണ് യുപി പോലീസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
പോലീസിന് വേണമെങ്കിൽ ഓൺലൈനായി ചോദ്യം ചെയ്യാമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി അറസ്റ്റ് അടക്കമുള്ള ബലം പ്രയോഗിച്ചുള്ള പോലീസ് നടപടികൾ തടയുകയും ചെയ്തിരുന്നു. കേസ് ഇനി അടുത്ത ആഴ്ച പരിഗണിക്കാനിരിക്കെയാണ് യുപി പോലീസ് സുപ്രീം കോടതിയെ സമീപിച്ചത്. ഗാസിയാബാദിൽ വൃദ്ധനെ ആക്രമിച്ച വീഡിയോ വർഗ്ഗീയ വിദ്വേഷം പടർത്താൻ ഉപയോഗിച്ചുവെന്ന കേസിൽ മനീഷ് മഹേശ്വരിയോട് ഇന്ന് ഹാജരാകാനാണ് യുപി പോലീസ് നിർദ്ദേശിച്ചിരുന്നത്.
അതിനിടെ ഇന്ത്യയുടെ ഭൂപടം തെറ്റായ രീതിയിൽ പ്രചരിപ്പിച്ചതിന് യുപി പോലീസ് മനീഷ് മഹേശ്വരിയ്‌ക്കെതിരെ വീണ്ടും കേസെടുത്തിട്ടുണ്ട്. ഭൂപടം വികലമാക്കിയതിനാണ് ഉത്തർപ്രദേശ് പോലീസ് കേസെടുത്തത്. ജമ്മു കശ്മീർ മറ്റൊരു സ്വതന്ത്ര രാജ്യമാണെന്നും ലഡാക് ചൈനയുടെ ഭാഗമാണെന്നുമാണ് ട്വിറ്ററിൽ രേഖപ്പെടുത്തിയിരുന്നത്. സംഭവം വിവാദമായതോടെ ഔദ്യോഗിക പേജിൽ നിന്നും ട്വിറ്റർ ഭൂപടം നീക്കം ചെയ്തിരുന്നു.
















Comments