പാരീസ്: യൂറോപ്യൻ കിരീടം നേടാൻ ഏറ്റവും സാദ്ധ്യതയുണ്ടായിരുന്ന ടീം. നിലവിലെ ലോക ചാമ്പ്യന്മാർ. ഒപ്പം ലോകഫുട്‌ബോളിലെ പിഴവുപറ്റാത്ത യുവപ്രതിഭയുടെ മുന്നേറ്റം. ഈ വിശേഷണങ്ങളെല്ലാം ഫ്രാൻസിനും എംബാപ്പേയ്‌ക്കും ഇന്നലെയോടെ ഇല്ലാതായി. സ്വിറ്റ്‌സർലാന്റിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ കളികൈവിട്ടത് എംബാപ്പേയുടെ പിഴവിലെന്നതാണ് ആരാധകരെ ഞെട്ടിക്കുന്നത്. ഫ്രഞ്ച് ദിനപത്രമായ ലേക്വിപ്പിന്റെ തലക്കെട്ട് പോലും എംബാപ്പേയുടെ ‘ വീഴ്ച വളരെ ഉയരത്തിൽ നിന്ന് ‘ എന്നാണ് വിശേഷിപ്പിച്ചത്.
യൂറോകപ്പിലെ ത്രില്ലർ ഫിനിഷിലേക്ക് നീങ്ങിയ മത്സരത്തിൽ നിശ്ചിത സമയത്ത് മൂന്ന് ഗോളുകൾ വീതമടിച്ചാണ് ടീമുകൾ കരുത്തുകാട്ടിയത്. എംബാപ്പേ കളത്തിലുള്ളപ്പോൾ ഫ്രഞ്ച് ആരാധകർ ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാൽ ലഭിച്ച അഞ്ചു കിക്കുകളും വലയിലെത്തിച്ച സ്വിസ് താരങ്ങൾക്ക് മുന്നിൽ ഒരേയൊരു പിഴവുമായി ആ താരം തലകുനിച്ചു.
ഫ്രാൻസിനായി പോൾ പോഗ്ബ, ഒലിവർ ജെറൗദ്, മാർക്കസ് തുറാം, പ്രസ്‌നൽ കിംപെംബെ എന്നിവർക്കൊപ്പം അവസാന കിക്കെടുത്തത് എംബാപ്പെ. കിലിയൻ എംബാപ്പേയുടെ കാലുകളുടെ വേഗം പക്ഷെ സ്വിസ് ഗോൾ കീപ്പർ യാൻ സോമ്മർ കൃത്യമായി കണക്കുകൂട്ടി. വലയിലെത്താതെ പന്ത് വലത്തേക്ക് ചാടിയ ഗോളിയുടെ ഇടതുകയ്യുടെ ഊക്കിൽ പുറത്തേക്ക് പോയത് പന്തിനൊപ്പം ക്വാർട്ടർ സ്വപ്‌നവുമായിരുന്നു. എംബാപ്പേയുടെ പിഴവിൽ ലോകചാമ്പ്യന്മാർ പ്രീക്വാർട്ടറിൽ ബൂട്ടഴിക്കേണ്ടി വന്നു.
മൂന്ന് വർഷം മുന്നേ എംബാപ്പേയും ഫ്രാൻസും ലോകകിരീടത്തോടെ ആരാധകരുടെ നെഞ്ചിലെ താരവും ടീമുമായിക്കഴിഞ്ഞിരുന്നു. യൂറോകപ്പിലേക്ക് എംബാപ്പേ എത്തിയത് തന്നെ സീസണിൽ 41 ഗോളുകൾ നേടിക്കൊണ്ടാണ്. പി.എസ്.ജിക്കായി ഫ്രഞ്ച് കപ്പ് നേട്ടവുമായിട്ടാണ് സീസണിൽ എംബാപ്പേ കളം നിറഞ്ഞത്.
















Comments