കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയ്‌ക്ക് കോൺവെന്റിനോടു ചേർന്നുള്ള ഹോസ്റ്റലിൽ തുടരാൻ അവകാശമില്ലെന്ന് ഹൈക്കോടതി. എഫ്.സി.സി. സന്ന്യാസസഭയിൽനിന്ന് പുറത്താക്കിയ നടപടി വത്തിക്കാൻ ശരിവെച്ചതിനാലാണ് ഹോസ്റ്റലിൽ തുടരാൻ അവകാശമില്ലെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടത്. ജസ്റ്റിസ് രാജ വിജയരാഘവന്റെ സിംഗിൾ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്.
പുറത്താക്കിയത് വത്തിക്കാൻ ശരിവെച്ചതിനാൽ ഹോസ്റ്റലിൽ താമസിപ്പിക്കാൻ കഴിയില്ലെന്നാണ് കോൺവെന്റിലെ മദർ സുപ്പീരിയർ കോടതിയെ അറിയിച്ചത്.ഇക്കാര്യം കോടതി ശരിവെയ്‌ക്കുകയായിരുന്നു. പോലീസ് സംരക്ഷണം തേടി സിസ്റ്റർ ലൂസി കളപ്പുര നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. കോൺവെന്റിൽനിന്നും ഒഴിയാൻ സാവകാശം അനുവദിക്കാമെങ്കിലും ഹോസ്റ്റലിൽ നിന്ന് എന്ന് ഒഴിവാകാനാവുമെന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
കോൺവെന്റിൽ താമസിക്കാൻ അവകാശമുണ്ടോയെന്നത് പരിഗണിക്കേണ്ടത് സിവിൽ കോടതിയാണെന്നും ഹർജി മുനിസിഫ് കോടതിയുടെ പരിഗണനയിലാണെന്നും സിസ്റ്റർ ലൂസിയുടെ അഭിഭാഷകൻ വാദിച്ചു. മുനിസിഫ് കോടതിയിലെ അന്തിമതീർപ്പ് വരുന്നതുവരെ കോൺവെന്റിൽ തുടരാൻ അനുവദിക്കണമെന്നും ലൂസി കളപ്പുര ആവശ്യപ്പെട്ടു. സിസ്റ്റർ ലൂസിക്ക് പോലീസ് സംരക്ഷണം നൽകുമെന്നും സർക്കാർ വ്യക്തമാക്കി.
















Comments