തിരുവനന്തപുരം: കരിപ്പൂർ സ്വർണ്ണക്കടത്തുകേസിലെ വസ്തുത പുറത്തുവരണമെന്ന് സിപിഐ. മുഖപത്രമായ ജനയുഗത്തിലാണ് സിപിഐ നിലപാട് വ്യക്തമാക്കുന്നത്. അറസ്റ്റിലായവര്ക്ക് രാഷ്‌ട്രീയ ബന്ധങ്ങളുണ്ടെങ്കില് കണ്ടെത്തണമെന്നും വിവാദങ്ങള് മാത്രമാകുമ്പോള് യഥാര്ത്ഥ കുറ്റവാളികൾ രക്ഷപ്പെടുമെന്നുമാണ് സിപിഐ പറയുന്നത്. തിരുവനന്തപുരം സ്വർണ്ണക്കടത്തിലും ഇതാണ് സംഭവിച്ചതെന്നും എഡിറ്റോറിയൽ വിമർശിക്കുന്നു.
ജൂൺ 21 ന് കോഴിക്കോട് രാമനാട്ടുകരയിൽ നടന്ന ഒരു അപകടം ഒരു സ്വാഭാവിക അപകടം എന്നാണ് ആദ്യം കണക്കാക്കിയത് . എന്നാൽ മരിച്ചവരെ സംബന്ധിച്ച അന്വേഷണം ഞെട്ടിക്കുന്ന സംഭവ പരമ്പരകളാണ് പിന്നീട് പുറത്തുകൊണ്ടുവന്നത്.
വിമാനത്താവളത്തിൽ നിന്ന് വടക്കോട്ട് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മരിച്ച മുഹമ്മദ് ഷഹീർ, നാസർ, താഹിർ, അസൈനാർ, സുബൈർ എന്നീ അഞ്ചുപേരും തെക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന പാലക്കാട് ജില്ലയിലെ പ്രദേശങ്ങളിലുള്ളവരായിരുന്നുവെന്നത് പോലീസിന്റെ സംശയത്തെ ബലപ്പെടുത്തിയിരിക്കാം എന്നും ലേഖനം വ്യക്തമാക്കുന്നു.
ആദ്യം വാഹനാപകടമെന്ന നിലയിൽ പുറത്തുവന്ന വാർത്ത പിന്നീട് വലിയ ദുരൂഹതകളിലേക്കാണ് വിരൽ ചൂണ്ടിയതെന്ന് മുഖപത്രം സ്പഷ്ടമായി പറയുന്നു. വിധ്വംസക — അധോലോക — മാഫിയാ ബന്ധങ്ങളുള്ളതും ചുരുളഴിയുന്ന അപസർപ്പക കഥകളിലേയ്‌ക്കും വഴിമാറി. സ്വർണക്കള്ളക്കടത്ത്, അങ്ങനെ കൊണ്ടുവരുന്ന സ്വർണം തട്ടിയെടുക്കൽ, അതിനുവേണ്ടിയുള്ള ക്വട്ടേഷൻ പ്രവർത്തനം എന്നിങ്ങനെ കണ്ണികളും ചങ്ങലകളും നീളുന്ന സംഭവങ്ങളാണ് ഇപ്പോൾ വെളിപ്പെടുത്തലുകളും മൊഴികളുമായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് രാഷ്‌ട്രീയമോ അല്ലാത്തതോ ആയതും പാടില്ലാത്തതും ധാർമ്മികതയ്‌ക്കു യോജിക്കാത്തതുമായ ബന്ധങ്ങൾ ഉണ്ടെങ്കിൽ അവ പുറത്തുവരേണ്ടതുതന്നെയാണ്. പക്ഷേ ഈ സംഭവത്തിന്റെ ആഴവും പരപ്പും വെളിച്ചത്തുവരാതെയും ഇത്തരം വൻകിട അധോലോക — മാഫിയാ ശക്തികളുടെ വേരറുക്കുവാൻ സാധിക്കുന്ന നടപടികളിലേക്ക് എത്താതെയും പോകുമോ എന്ന് സംശയിക്കാവുന്ന വിവാദങ്ങളാണ് നടക്കുന്നതെന്നും മുഖപത്രം വിമർശിക്കുന്നു.
കൊടുവള്ളി സംഘം, ചെർപ്പുളശ്ശേരി സംഘം, കണ്ണൂർ പൊട്ടിക്കൽ എന്നിങ്ങനെയുള്ള സംഘങ്ങളെ കുറിച്ചും അവരുടെ ചെയ്തികൾ, നീതികേടുകൾ, കള്ളക്കടത്തിനും ക്വട്ടേഷനുകൾക്കുമുള്ള വിഭ്രമാത്മക രീതികൾ എന്നിവയുടെ വിവരണ കഥകളിലൂടെയാണ് ഇപ്പോൾ നമ്മുടെ സഞ്ചാരം. അത്തരം വിവരണങ്ങൾക്കൊപ്പം ഈ സംഭവങ്ങൾ നമ്മുടെ സാമ്പത്തിക അടിത്തറയ്‌ക്കുണ്ടാക്കുന്ന ആഘാതവും അതോടൊപ്പം ഉയരുന്ന ധാർമ്മിക പ്രശ്നങ്ങളും കുറ്റകൃത്യങ്ങളും പരിഗണിക്കപ്പെടാതെ പോകുന്നുവെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്തിലും സമാനമായ തെറ്റാണ് സംഭവിച്ചതെന്ന് ലേഖനം എടുത്തു പറയുന്നു. രാഷ്‌ട്രീയ നേട്ടവും എതിരാളികൾക്കെതിരായ അപഹാസ അവസരവും പ്രതിചേർക്കപ്പെട്ടവരുടെ ഉന്നത ബന്ധങ്ങളും മാത്രം ചർച്ച ചെയ്യപ്പെട്ടപ്പോൾ, വിവാദ നിർമ്മിതി മാത്രം ശ്രദ്ധാകേന്ദ്രമായപ്പോൾ ആ സ്വർണക്കള്ളക്കടത്തു കേസിലും യഥാർത്ഥ കുറ്റവാളികൾ പുറത്തു തന്നെ വിരാജിക്കുകയാണെന്ന് ലേഖനം വ്യക്തമാക്കുന്നു.
നികുതി വെട്ടിച്ച് ഇവിടെ സ്വർണമെത്തുമ്പോൾ തന്നെ കുഴൽപ്പണ ഇടപാട്, കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള അരാജക നടപടികളും ഉണ്ടാകുന്നു. അതിന്റെ കൂടെ കള്ളക്കടത്ത് നടത്തുന്നവരും സ്വർണം തട്ടിയെടുത്തു സമ്പന്നരാകുന്നവരും അതിനിടയിലെ ക്വട്ടേഷൻ സംഘങ്ങളും എല്ലാം ചേരുമ്പോൾ അത് വലിയ ക്രമസമാധാന പ്രശ്നവും ധാർമ്മിക വെല്ലുവിളിയുമായി മാറുകയും ചെയ്യുന്നു. അനാശാസ്യകരമായ രാജ്യാന്തര കുറ്റവാളി ശൃംഖലയുടെ രൂപീകരണത്തിനും അത് വഴിയൊരുക്കുന്നു. ഈ വിധത്തിൽ വിവിധ മാനങ്ങളുള്ള കുറ്റകൃത്യം എന്ന നിലയിൽ സ്വർണക്കള്ളക്കടത്ത് പലപ്പോഴും അന്വേഷിക്കപ്പെടുകയോ കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ കുറ്റകൃത്യത്തിന്റെ അനന്ത സാധ്യതകളുടെ മായാവലയത്തിലേയ്‌ക്ക് കൂടുതൽ പേർ എത്തിപ്പെടുകയാണ് ചെയ്യുന്നതെന്നാണ് ലേഖനം പറഞ്ഞു നിർത്തുന്നത് .
















Comments