കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് മൂന്നു വർഷം തികയുന്നു.അഭിമന്യു കൊല്ലപ്പെട്ട് ഒരു വർഷം പൂർത്തിയായപ്പോഴും കുത്തി വീഴ്‌ത്തിയവരെ പിടികൂടാൻ പിണറായി സർക്കാറിന് കഴിഞ്ഞില്ലായിരുന്നു എന്നത് വസ്തുത . കേസിൽ നേരിട്ട് പങ്കാളികളായ പ്രതികളിൽ പലരും ഒരു വർഷം പിന്നിട്ടപ്പോൾ പോലീസിനു മുന്നിൽ കീഴടങ്ങുകയും അറസ്റ്റിലാവുകയും ചെയ്തു.
പ്രതികളെയെല്ലാം അറസ്റ്റുചെയ്തെന്ന് കേരളാ പോലിസും സർക്കാരും അവകാശപ്പെടുമെങ്കിലും ഇതു സംബന്ധിച്ച ഗൂഢാലോചന പുറത്തുവന്നിട്ടില്ല. അഭിമന്യുവിനെ കൊലപ്പെടുത്തിയ ആയുധവും കണ്ടെടുത്തിട്ടില്ല.കേസിന്റെ വിചാരണയ്‌ക്കാവശ്യമായ പല തെളിവുകളും പോലീസിന് ലഭിച്ചിട്ടില്ല.
2018 ജൂലായ് രണ്ടിന് പുലർച്ചെയാണ് കാമ്പസിൽ വെച്ച് അഭിമന്യു കൊല്ലപ്പെട്ടത്. കാമ്പസ് ഫ്രണ്ട് പ്രവർത്തകരുമായി ചുവരെഴുത്തിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സുഹൃത്തായ അർജുനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പോപ്പുലർഫ്രണ്ട്-കാമ്പസ് ഫ്രണ്ട് പ്രവർത്തകരായ 16 പേരാണ് ആക്രമണത്തിൽ നേരിട്ട് പങ്കാളികളായതെന്നാണ് എഫ്ഐആർ റിപ്പോർട്ട്.
1,500 പേജ് കുറ്റപത്രം നേരത്തെ തന്നെ അന്വേഷണ സംഘം സമർപ്പിച്ചിരുന്നു. കേസിന്റെ വിചാരണയും കൊറോണ പ്രതിസന്ധികാരണം നിർത്തിവെച്ചിരിക്കുകയാണ്.മഹാരാജാസ് കോളേജിലും എസ്എഫ്ഐയിലും നടക്കുന്ന പോപ്പുലർഫ്രണ്ടിന്റെ നുഴഞ്ഞുകയറ്റം അഭിമന്യു വ്യക്തമായി മനസ്സിലാക്കിയിരുന്നു. സ്വന്തം പാർട്ടിയിലെ വിശ്വസ്ത കേന്ദ്രങ്ങളിൽ അഭിമന്യു ഈ വിവരം പങ്കുവെയ്‌ക്കുകയും ചെയ്തിരുന്നു.
അഭിമന്യുവിന്റെ കുടുംബത്തിന് നല്ല വീടും, പെങ്ങളുടെ വിവാഹത്തിന് ആവശ്യമായ സ്വർണ്ണവും നൽകി രക്തസാക്ഷിയോടുള്ള കടപ്പാട് സിപിഎം നിറവേറ്റിയിട്ടുണ്ട് . എങ്കിലും അഭിമന്യുവിനെ അറിയുന്ന മഹാരാജാസ് കോളേജിന്റെ അകത്തളങ്ങളിൽ, അഭിമന്യു കോളേജിൽ നാട്ടിയ ചെങ്കൊടികളിൽ നിന്ന് ഉയരുന്ന ഒരു ചോദ്യമുണ്ട് . അഭിമന്യുവിന്റെ നെഞ്ചിൽ കത്തികയറ്റിയ യഥാർത്ഥ കൊലയാളികൾ പിടിയിലായോ ?എന്തിനായിരിക്കാം പോപ്പുലർ ഫ്രണ്ട് എന്ന സംഘടന അഭിമന്യുവിനെ ഇല്ലാതാക്കണമെന്ന് ആഗ്രഹിച്ചതും അത് നടപ്പിലാക്കിയതും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം പലർക്കും എന്നപോലെ സിപിഎമ്മിന്റെ നേതാക്കൾക്കും സർക്കാരിനും പോലീസിനും അറിയാം..പക്ഷെ രഹസ്യബാന്ധവങ്ങളിൽ അതെല്ലാം അടക്കം പറച്ചിലായി തന്നെ അവസാനിക്കും. അഭിമന്യുവിന്റെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താൻ ഒരു സിപിഎമ്മുകാരനും അർഹതയില്ല എന്ന് പൊതുജനവും അടക്കം പറയുന്നു.
Comments