തിരുവനന്തപുരം: മുട്ടിൽ വനംകൊള്ളയിൽ വിവാദ ഉത്തരവിറക്കാൻ നിർദ്ദേശം നൽകിയത് മുൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെന്ന് രേഖകൾ. ചന്ദ്രശേഖരന്റെ ഇടപെടൽ തെളിയിക്കുന്ന ഉത്തരവ് ജനം ടിവിയ്‌ക്ക് ലഭിച്ചു. ഈട്ടി, തേക്ക്, കരിമരം എന്നിവ മുറിക്കരുതെന്ന നിയമം മറികടക്കാൻ ചന്ദ്രശേഖരൻ നിർദ്ദേശിച്ചിരുന്നു. 2017 ലെ ഭേദഗതി പ്രകാരം അനുമതിയില്ലാതെ മരങ്ങൾ മുറിക്കാൻ മന്ത്രി നിർദ്ദേശിച്ചുവെന്നത് ഉത്തരവ് വ്യക്തമാക്കുന്നു.
വിഷയത്തിൽ നിയമ വകുപ്പിന്റെ അഭിപ്രായം ലഭിക്കാതെയാണ് തീരുമാനമെടുത്തതെന്നും രേഖകൾ ചൂണ്ടിക്കാട്ടുന്നു. മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവുകളെല്ലാം ഇറക്കിയത് ഉദ്യോഗസ്ഥരായിരുന്നു എന്നതായിരുന്നു ഇതുവരെ പുറത്ത് വന്ന വിവരം. എന്നാൽ വിവരാവകാശ പ്രകാരം പുറത്ത് വന്ന രേഖയിൽ മന്ത്രിയുടെ നിർദ്ദേശം ഉൾപ്പെടുത്തിയ ഉത്തരവാണ് ഉദ്യോഗസ്ഥർ പുറത്തിറക്കിയതെന്ന് വ്യക്തമാകുന്നു.
മരംമുറിയുമായി ബന്ധപ്പെട്ട് കർഷകർ സമർപ്പിച്ച അപേക്ഷകൾ പരിഗണിച്ച് തീരുമാനമെടുക്കുന്നതിന് വിവിധ തലങ്ങളിൽ യോഗങ്ങൾ ചേർന്നിരുന്നു. ഈ യോഗങ്ങളിലെല്ലാം ഈട്ടി, തേക്ക്, കരിമരം എന്നിവ മുറിക്കാൻ പാടില്ലെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തിരുന്നു. എന്നാൽ ചന്ദനമൊഴികെയുള്ള എല്ലാ മരങ്ങളും മുറിക്കാമെന്ന നിലപാടെടുത്തത് ഇ.ചന്ദ്രശേഖരനാണ്.
ഉദ്യോഗസ്ഥരുടയും നിയമ വകുപ്പിന്റെയും ഉത്തരവ് അവഗണിച്ചുള്ളതാണ് ചന്ദ്രശേഖരന്റെ ഇടപെടലെന്ന് രേഖകൾ ചൂണ്ടിക്കാട്ടുന്നു. മന്ത്രി നേരിട്ട് നിർദ്ദേശിച്ച് ഒപ്പിട്ട ഉത്തരവാണിത്. മരംമുറി തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് നിർദ്ദേശിച്ചതും മന്ത്രിയാണെന്നും ഉത്തരവിലൂടെ വ്യക്തമാകുന്നു.
















Comments