ന്യൂഡൽഹി: ഓൺലൈൻ ബിരുദദാന ചടങ്ങിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിമർശിച്ച വിദ്യാർത്ഥിനിക്ക് 5000 രൂപ പിഴ. ഡൽഹി അംബേദ്കർ യൂണിവേഴ്‌സിറ്റി വിദ്യാർഥിനിക്കാണ് ശിക്ഷയായി പിഴ ഏർപ്പെടുത്തിയത്. അമിത ഫീസിനെതിരേയും സംവരണത്തിനെതിരേയും സർക്കാരിനെതിരെ പ്രതികരിച്ചതിനെ തുടർന്നാണ് നടപടി.
എംഎ വിദ്യാർത്ഥിനിയും ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും കൂടിയായ നേഹയ്‌ക്കാണ് പിഴ ലഭിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് സംഭവമുണ്ടായത്. ചടങ്ങിൽ സംവരണ നയത്തിലെ ഭരണഘടനാപരമായ മാറ്റങ്ങളെക്കുറിച്ചും അമിത ഫീസിനെക്കുറിച്ചുമൊക്കെ വിദ്യാർത്ഥിനി സംസാരിച്ചിരുന്നു. അതിന് പുറമെ വിദ്യാർത്ഥികളെക്കുറിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ശ്രദ്ധയില്ലെന്നും അവർ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോടും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോടും അനാദരവ് കാണിച്ചുവെന്നതാണ് വിദ്യാർത്ഥിനിക്ക് മേൽ സർവ്വകലാശാല ചുമത്തിയിരിക്കുന്നത്. ഡൽഹി സർക്കാരിന് കീഴിലുള്ളതാണ് ഈ സർവ്വകലാശാല. അവസാന വർഷ പരീക്ഷ എഴുതുന്നതിന് പിഴ അടയ്‌ക്കണമെന്നാണ് ജൂൺ 30 ന് അയച്ച കാരണം കാണിക്കൽ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. അതേസമയം പരാമർശം സമ്മതിച്ച നേഹ ഖേദപ്രകടനം നടത്തുവാൻ തയ്യാറായില്ല. തനിക്കെതിരെ ഉണ്ടായ നടപടി അംഗീകരിക്കുവാനാകില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥിനി.
















Comments