തിരുവനന്തപുരം: വിവാദ മരംമുറി ഉത്തരവിറക്കിയത് തന്റെ അറിവോടെ തന്നെയാണെന്ന് സമ്മതിച്ച് മുൻ മന്ത്രി ഇ ചന്ദ്രശേഖരൻ. കർഷകർ വെച്ചുപിടിപ്പിച്ച മരങ്ങൾ മുറിക്കാനാണ് അനുമതി നൽകിയത്. കർഷക താത്പര്യം മുൻനിർത്തിയാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നും ചന്ദ്രശേഖരൻ ന്യായീകരിച്ചു.
രാജകീയ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയെന്ന പ്രചരണം തെറ്റാണെന്നും ചന്ദ്രശേഖരൻ വിശദീകരിച്ചു. ഉത്തരവിന്റെ പരിപൂർണ്ണമായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സമ്മർദ്ധത്തിന്റേയും അടിസ്ഥാനത്തിലല്ല ഉത്തരവിറക്കിയത്. എല്ലാ നിയമവശവും പരിശോധിച്ച ശേഷമാണ് ഉത്തരവിറക്കിയതെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.
മുട്ടിൽ വനംകൊള്ളയിൽ വിവാദ ഉത്തരവിറക്കാൻ നിർദ്ദേശം നൽകിയത് മുൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നിരുന്നു. ഈട്ടി, തേക്ക്, കരിമരം എന്നിവ മുറിക്കരുതെന്ന നിയമം മറികടക്കാൻ ചന്ദ്രശേഖരൻ നിർദ്ദേശിച്ചു. 2017 ലെ ഭേദഗതി പ്രകാരം അനുമതിയില്ലാതെ മരങ്ങൾ മുറിക്കാനാണ് മന്ത്രി നിർദ്ദേശിച്ചത്.
ഉദ്യോഗസ്ഥരുടേയും നിയമ വകുപ്പിന്റെയും ഉത്തരവ് അവഗണിച്ചുള്ളതാണ് ചന്ദ്രശേഖരന്റെ ഇടപെടലെന്ന് രേഖകൾ ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രി നേരിട്ട് നിർദ്ദേശിച്ച് ഒപ്പിട്ട ഉത്തരവാണിത്. മരംമുറി തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് നിർദ്ദേശിച്ചതും മന്ത്രിയാണെന്നും ഉത്തരവിലൂടെ പുറത്തുവന്നിരുന്നു.
















Comments