കേരളത്തിൽ നിന്ന് കിറ്റക്സ് തെലങ്കാനയിലേക്ക് പോയത് ചർച്ചയാകുമ്പോൾ സംസ്ഥാനത്തെ വ്യാവസായിക രംഗം എങ്ങനെ തകർന്നുവെന്നത് വ്യക്തമാക്കുന്ന നിരവധി അഭിപ്രായങ്ങളും ഫേസ്ബുക്ക് പോസ്റ്റുകളുമാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ചിങ്ങവനത്ത് പ്രവർത്തിച്ചിരുന്ന ട്രാവൻകൂർ ഇലക്ട്രോ കെമിക്കൽസ് ലിമിറ്റഡ് ഇല്ലാതായതിന്റെ ചരിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത് ആയുർവേദ ഡോക്ടറായ എം.പി മാണിയാണ്.
തൊഴിലാളികൾക്ക് ന്യായമായ എല്ലാ അവകാശങ്ങളും നൽകി വന്നിരുന്ന സ്ഥാപനം തൊഴിലാളി നേതാക്കളുടെ പിടിവാശി കൊണ്ട് എങ്ങനെ ഇല്ലാതായെന്ന് അദ്ദേഹം പോസ്റ്റിൽ വിവരിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
ഒരു വലിയ വ്യവസായ സ്ഥാപനം ഇല്ലാതായ ചരിത്രം.
1985 ലാണ് ആര്യവൈദ്യ ഫാർമസി (കോയമ്പത്തൂർ) ലി., ന്റെ ബ്രാഞ്ചിൽ ഫിസിഷ്യൻ ആയി ഞാൻ കോട്ടയത്ത് എത്തിയത്.
ഒരു ദിവസം അൽപം തടിയുള്ള ഒരു മനുഷ്യൻ രണ്ട് സുഹൃത്തുക്കളുമായി എന്നെ കാണാൻ വരികയുണ്ടായി. രോഗവിവരങ്ങൾ ചോദിക്കുന്നതിനിടയിൽ ഇപ്പോൾ എന്താണ് ചെയ്യുന്നത് എന്ന ചോദ്യത്തിന് “ഇവിടെ ചിങ്ങവനത്ത് ഒരു കമ്പനിയിലാണ് ജോലി” എന്നായിരുന്നു മറുപടി.
കുറിപ്പടി വാങ്ങി പോകാൻ നേരത്ത് അദ്ദേഹം പോക്കറ്റിൽ നിന്ന് അദ്ദേഹത്തിന്റെ കാർഡ് മേശപ്പുറത്ത് വെയ്‌ക്കുകയുണ്ടായി.
ഡി ഗോപാലകൃഷ്ണൻ, ജനറൽ മാനേജർ, ട്രാവൻകൂർ ഇലക്ട്രോ കെമിക്കൽസ് ലി., ചിങ്ങവനം, കോട്ടയം.”
ഏനിക്കാണെങ്കിൽ ചിങ്ങവനവും അറിയില്ല, ഇലക്ട്രോ കെമിക്കൽസും അറിയില്ല.
പരിചയമുള്ള ഒരു വക്കീലിനെ വിളിച്ച് അന്വേഷിച്ചപ്പോൾ വക്കീൽ പറഞ്ഞത് ആ സ്ഥാപനം കേരളത്തിലെ വൻ വ്യവസായ സ്ഥാപനങ്ങളിൽ പെട്ട ഒന്നാണെന്നും ബോംബെയിലുള്ള സൊമാനി ഗ്രൂപ്പിന്റെതാണെന്നും എന്നെ കാണാൻ വന്ന ഗോപാലകൃഷ്ണൻ സ്വാമി ഒരു വലിയ മനുഷ്യനാണ് എന്നെല്ലാം ആണ്.
പിന്നീട് എനിക്ക് ആ വ്യവസായ സ്ഥാപനവും അവിടുത്തെ ജീവനക്കാരുമായി ഒരു ആത്മബന്ധം തന്നെ വളരുകയുണ്ടായി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരുപാട് പേർ അവിടെ ജോലി ചെയ്തിരുന്നു. ചികിത്സയ്‌ക്കായി അവരിൽ ചിലരുടെ ബന്ധുക്കളെ വരെ എന്നെ കാണിക്കാൻ കൊണ്ട് വരുമായിരുന്നു. കമ്പനിയിലെ മുഴുവൻ പേരും എന്ന് തന്നെ പറയാം എന്നെ കാണാൻ വരുമായിരുന്നു, സൊമാനിയുടെ പുത്രൻ അടക്കം.
കമ്പനിയുടെ ക്വാർട്ടേഴ്സിൽ താമസിക്കുന്നവർക്ക് വെള്ളം, വൈദ്യുതി, കുട്ടികൾക്ക് സ്കൂളിൽ പോകാൻ ബസ്സ്, സ്വന്തമായി വാഹനം ഉള്ളവർക്ക് മാസം തോറും അഞ്ച് ലിറ്റർ പെട്രോൾ, ചികിത്സാ ചെലവുകൾ എന്നിവ പൂർണമായും സൗജന്യമായിരുന്നു.
ഇത്രയെല്ലാം സൗജന്യങ്ങളും ആനുകൂല്യങ്ങളും ഉയർന്ന ശമ്പളവും ലഭിക്കുന്ന തൊഴിലാളി വർഗ്ഗത്തിന് പുതിയ അവകാശങ്ങൾ ഒന്നും മുന്നോട്ട് കാണിക്കാൻ ഇല്ലാതെ വന്നപ്പോൾ അതിബുദ്ധിമാന്മാരായ യൂണിയൻ നേതാക്കൾ തൊഴിലാളികളുടെ തലയിൽ തിരുകി കയറ്റിയ പുതിയ ഡിമാന്റ് ‘റിസ്‌ക് അലവൻസ്’ വേണം എന്നുള്ളതായിരുന്നു.
ചിങ്ങവനം ടൗണിലെ സാമ്പത്തിക ഭദ്രത വരെ നിലനിർത്താൻ ഈ വ്യവസായ സ്ഥാപനം കാരണമായിരുന്നു.
ഒരു ദിവസം തൊഴിലാളി യൂണിയൻ നേതാക്കൾ ജനറൽ മാനേജരുടെ ബംഗ്ളാവിൽ പോയി എന്തോ പ്രശ്നങ്ങൾ ഉണ്ടാക്കി എന്നാണ് കേട്ട വിവരം. ജനറൽ മാനേജർ വിവരം ബോംബെയിൽ അറിയിച്ചു. കമ്പനി പൂട്ടിയിടാനായിരുന്നത്രേ ബോംബെയിൽ നിന്നും വന്ന ഉത്തരവ്.
കമ്പനി പൂട്ടി. തൊഴിലാളി നേതാക്കൾ തൊഴിലാളികളൊട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്,
“ഇങ്ങനെയുള്ള ലോക്കൗട്ടുകൾ നമ്മളെത്ര കണ്ടിരിക്കുന്നു, കൂടിയാൽ ഒര പതിനഞ്ച് ദിവസം, നിങ്ങൾ ധൈര്യമായിരുന്നോളൂ”
മാസങ്ങൾ കഴിഞ്ഞിട്ടും കമ്പനി തുറന്നില്ല. തൊഴിലാളികൾ അരി വാങ്ങാൻ കൂലിപ്പണിക്ക് പോകാൻ തുടങ്ങി. പിന്നെ ഓരോരുത്തരായി കുടുംബസമേതം അവരവരുടെ നാടുകളിലേക്ക് മടങ്ങി.
കമ്പനിയിൽ മാനേജ്‌മെന്റിന്റെ വിശ്വസ്ഥരായ രണ്ട് ജീവനക്കാരും ക്ഷേത്രവും പൂജാരിയും മാത്രം.
കമ്പനിയുടെ പ്രധാന ഗേറ്റിൽ ശബ്ദമുഖരിതമായിരുന്ന സമരപ്പന്തൽ ഇല്ലാതായി. അപ്പോഴും സായാഹ്‌നങ്ങളിൽ തിരുനക്കര മൈതാനത്ത് നടക്കാറുള്ള പൊതുയോഗങ്ങളിൽ നമ്മുടെ യൂണിയൻ നേതാക്കൾ ആയ രാഷ്‌ട്രീയ മേലാളന്മാർ ഉറക്കെ അവരുടെ പ്രഖ്യാപനം നടത്തിക്കൊണ്ടേയിരുന്നു, “ആ വ്യവസായ സ്ഥാപനം ഞങ്ങൾ സ്വർണ താക്കോൽ ഉപയോഗിച്ച് തുറക്കും.”
കമ്പനി പൂട്ടിയിട്ടിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു.
അവിടെ ജോലി ചെയ്തിരുന്ന പലരും ഇപ്പോഴും ഇടക്കിടെ എന്നെ വിളിക്കാറുണ്ട്. സ്ഥാപനം വേറെ ഒരു ഗ്രൂപ്പിന് വിൽപ്പന നടത്തിയിരിക്കുന്നു എന്നാണ് ഏറ്റവും പുതിയ അറിവ്.
ഒരാഴ്ച മുൻപ് കമ്പനിയിൽ ജോലി ചെയ്തിരുന്ന, ചിങ്ങവനം കാരനായ ഒരു വ്യക്തിയോട് കമ്പനിയുടെ കാര്യങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് അവിടെ ഇപ്പോൾ മുകളിലേക്ക് നോക്കിയാൽ ആകാശവും താഴേയ്‌ക്ക് നോക്കിയാൽ ഭൂമിയും എന്ന അവസ്ഥയാണ് എന്നാണ് പറഞ്ഞത്.
ഇവരുടെ സഹോദര സ്ഥാപനങ്ങൾ ആയി പത്തനംതിട്ട ജില്ലയിൽ ഒരു ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയും ആലപ്പുഴ ജില്ലയിൽ വേറെ ഒരു വ്യവസായ സ്ഥാപനവും ഉണ്ടായിരുന്നു. ആ സ്ഥാപനങ്ങളുടെ ഇപ്പോഴത്തെ കഥ എന്താണ് എന്നറിയില്ല.
ഒരു വലിയ വ്യവസായ സ്ഥാപനം ഇല്ലാതായ ചരിത്രം.1985 ലാണ് ആര്യവൈദ്യ ഫാർമസി (കോയമ്പത്തൂർ) ലി., ന്റെ ബ്രാഞ്ചിൽ ഫിസിഷ്യൻ ആയി…
Posted by Mp Mani on Friday, July 9, 2021
















Comments