പുരി: പുരി ജഗന്നാഥ് രഥയാത്ര ഇന്ന് ആരംഭിക്കും. കഴിഞ്ഞ തവണത്തെപ്പോലെ ഈ വർഷവും പുരിയിലെ പരിമിതമായ പ്രദേശത്ത് മാത്രം രഥയാത്ര നടത്താൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗത്ത് രഥയാത്ര നടത്തുന്നത് സുപ്രിംകോടതി തടഞ്ഞിട്ടുണ്ട്. രഥയാത്രയിൽ സാമൂഹിക അകലവും മറ്റ് കൊറോണ പ്രോട്ടോക്കോളുകളും കർശനമായി പാലിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
വളരെ ആഘോഷത്തോടെയും ആഡംബരത്തോടെയുമാണ് എല്ലാവർഷവും ഒഡീഷയിലെ പുരിയിൽ രഥയാത്ര നടക്കുന്നത്. ലക്ഷക്കണക്കിന് ഭക്തജനങ്ങളായിരിക്കും പുരിയിൽ ഈ ദിവസം ദർശനം നടത്തുക .എന്നാൽ കൊറോണ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയായിരിക്കും ഇത്തവണയും രഥയാത്ര നടത്തുന്നത്.
ജഗന്നാഥ് രഥയാത്രയുടെ ഭാഗമായി ആഭ്യന്തര മന്ത്രി അമിത്ഷാ ആശംസകളറിയിച്ചു. വർഷങ്ങളായി അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തിൽ മംഗള ആരതിയിൽ പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണയും കുടുംബ സമേതമാണ് അമിത്ഷാ ആരതിയിൽ പങ്കെടുത്തത്. ഓരോ തവണയും വ്യത്യസ്ത ഊർജ്ജമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അമിത്ഷാ പങ്കുവെച്ചു. ഇന്നും എനിക്ക് മഹാപ്രഭുവിനെ ആരാധിക്കാനുള്ള അവസരം ലഭിച്ചു. മഹാപ്രഭു ജഗന്നാഥ് എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് അമിത്ഷാ ആശംസകളറിയിച്ചു.
ആഷാദ് ശുക്ലപക്ഷത്തിന്റെ രണ്ടാം ദിവസം മുതൽ ആണ് ജഗന്നാഥ് രഥയാത്ര ആരംഭിക്കുന്നത്. ദശമി തിതിയിൽ യാത്ര അവസാനിക്കും. ആഗ്രഹപൂർത്തീകരണത്തിനായാണ് ഈ സമയത്ത് ജഗന്നാഥനെ ആരാധിക്കുന്നത് എന്നാണ് വിശ്വാസം. ജഗന്നാഥ രഥയാത്ര ഇന്ത്യയിലുടനീളം വലിയ ഉത്സവമായാണ് ആഘോഷിക്കപ്പെടുന്നത്.
















Comments