കാഠ്മണ്ഡു: ഭരണകക്ഷിയിലെ അധികാര തർക്കത്തെ തുടർന്ന് പാർലമെന്റ് പിരിച്ചുവിട്ട നടപടി നേപ്പാൾ സുപ്രീം കോടതി പുനഃസ്ഥാപിച്ചു. നേപ്പാളി കോൺഗ്രസ് പ്രസിഡന്റ് ഷേർ ബഹാദൂർ ദുബെയെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കാനും നിർദ്ദേശിച്ചു. വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും ന്യൂനപക്ഷ സർക്കാരായി തുടർന്ന പ്രധാനമന്ത്രി കെപി ശർമ്മ ഒലിയ്‌ക്ക് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധി.
28 മണിക്കൂറിനിടെ ഷേർ ബഹാദൂറിനെ പ്രധാനമന്ത്രിയായി നിയമിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. ചീഫ് ജസ്റ്റിസ് ചോലേന്ദ്ര ഷംഷേർ റാണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി. ശർമ്മ ഒലിയുടെ നിർദ്ദേശത്തെ തുടർന്ന് ഡിസംബർ 20ന് പ്രസിഡന്റ് ബിന്ദ്യാ ദേവി ഭണ്ഡാരി സഭ പിരിച്ചുവിട്ടതോടെയാണ് നേപ്പാളിൽ രാഷ്‌ട്രീയ അസ്ഥിരത തുടങ്ങിയത്.
അഞ്ച് മാസത്തിനിടെ രണ്ടാം തവണയാണ് സഭ പിരിച്ചുവിടാൻ തീരുമാനിച്ചത്. കൂടാതെ നവംബർ 12,19 തീയതികളിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുമെന്നും കെപി ശർമ്മ ഒലി പ്രഖ്യാപിച്ചിരുന്നു. ജനപ്രതിനിധി സഭ പിരിച്ചുവിട്ടതിനെതിരെ 30ഓളം പേരാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
സഭ പിരിച്ചുവിട്ട നടപടി റദ്ദാക്കണമെന്നായിരുന്നു ഹർജ്ജിക്കാരുടെ ആവശ്യം. ഷേർ ബഹാദൂർ ദുബെയെ പ്രധാനമന്ത്രിയായി നിയമിക്കണമെന്നും ഹർജിയിൽ ആവശ്യം ഉയർന്നിരുന്നു.
















Comments