തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതികളായ സരിത്തിനും റമീസിനും ജയിലിൽ ജീവന് ഭീഷണിയില്ലെന്ന് ജയിൽ ഡിജിപി. ഇതുസംബന്ധിച്ച് സരിത്തിന്റെ പരാതിയിൽ ജയിൽ ഡിജിപി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. പ്രതികൾ ജയിലിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ജയിലിൽ പ്രതികൾ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കഴിയുന്നതെന്ന് ജയിൽ വകുപ്പ് വ്യക്തമാക്കിയിരുന്നു. പുറത്ത് നിന്നുള്ള ഭക്ഷണത്തിനായി ഉദ്യോഗസ്ഥരെ പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്തുന്നു. വീട്ടിൽ നിന്നും എത്തിക്കുന്ന പാഴ്‌സലുകളിൽ പല അസ്വാഭാവിക വസ്തുക്കൾ കണ്ടത് പോലീസ് നൽകാത്തതിലും പ്രശ്‌നമുണ്ടാക്കിയിരുന്നു. ജയിലിൽ തങ്ങൾക്ക് സ്വാധീനമുണ്ടെന്ന് കാണിക്കാനാണ് പ്രതികൾ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നുമാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
റമീസും സരിത്തും ലഹരി ഉപയോഗിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അധികൃതർ ശേഖരിച്ചിരുന്നു. ഈ മാസം അഞ്ചിന് റമീസ് സെല്ലിനുളളിൽ സിഗരറ്റ് വലിക്കുന്നതിന്റെ ഉൾപ്പെടെ ദൃശ്യങ്ങളാണ് ശേഖരിച്ചതെന്നാണ് വിവരം.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട് ബിജെപി, കോൺഗ്രസ് നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദമുണ്ടെന്ന് ചൂണ്ടിക്കാട്ടി സരിത്ത് നൽകിയ പരാതിയിൽ കൊച്ചി എൻഐഎ കോടതി ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്. ജയിൽ സൂപ്രണ്ടടക്കം മൂന്ന് പേർ തന്നെ നിരന്തരം മർദ്ദിച്ചുവെന്നാണ് സരിത്ത് മൊഴി നൽകിയത്. സരിത്തിന്റെ വെളിപ്പെടുത്തലിൽ തുടർ വാദം കേട്ട കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം 16ലേക്ക് മാറ്റി.
















Comments