ശ്രീനഗർ: ജമ്മു അതിർത്തിയിൽ വീണ്ടും ഡ്രോൺ കണ്ടെത്തിയതായി സൈന്യം. ആർണിയ സെക്ടറിലെ കാലൂചാക് സൈനിക കേന്ദ്രത്തിനടുത്തേക്ക് നീങ്ങുന്ന തരത്തിലാണ് ഡ്രോൺ ശ്രദ്ധയിൽപെട്ടത്. അർദ്ധരാത്രി അതിർത്തി രക്ഷാ സൈന്യം തുടർച്ചയായി വെടിവെച്ച തോടെ ഡ്രോൺ പിന്മാറിയെന്നാണ് റിപ്പോർട്ട്. ബി.എസ്.എഫ് ഉപമേധാവി എസ്.പി.എസ്. സന്ധുവാണ് വിവരം പുറത്തുവിട്ടത്.
പാകിസ്താൻ അതിർത്തി കടന്നാണ് ഡ്രോൺ വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഡ്രോൺ അതിർത്തിയിൽ വീഴുകയോ എന്തെങ്കിലും സാധനങ്ങൾ നിക്ഷേപിക്കുകയോ ചെയ്തിട്ടില്ലെന്നാണ് നിഗമനം. നിരീക്ഷണത്തിന് മാത്രമായി പറന്നതാണോ എന്നും വ്യക്തമല്ല.
ഇന്നലെ രാത്രി വൈകി മിന്നുന്ന തരത്തിൽ ചുവന്ന പ്രകാശമാണ് സൈനികരുടെ ശ്രദ്ധയിൽ പെട്ടത്. ആർണിയ സെക്ടറിലാണ് 200 മീറ്റർ മാത്രം ഉയരത്തിൽ പറക്കുന്ന ഒരു വസ്തു ശ്രദ്ധയിൽപെട്ടത്. തുടർന്ന് സൈനിക പോസ്റ്റിൽ നിന്നും തുടർച്ചയായി വെടിയുതിർത്തതോടെ പ്രകാശം അപ്രത്യക്ഷമായെന്നും സന്ധു പറഞ്ഞു.
2002ൽ പാകിസ്താനിൽ നിന്നും നുഴഞ്ഞുകയറിയ ഭീകരർ ആക്രമിച്ച സൈനിക കേന്ദ്രമാണ് കാലൂചാക്. 2019ന് ശേഷം ഇതുവരെ 300 തവണയാണ് ഡ്രോണുകൾ ജമ്മുകശ്മീർ അതിർത്തിയിൽ ഇതുവരെ ശ്രദ്ധയിൽ പെട്ടതെന്നും സന്ധു പറഞ്ഞു.
















Comments