ന്യൂഡൽഹി : ഇന്ത്യയും ചൈനയും തമ്മിൽ വീണ്ടും സംഘർഷമുണ്ടായെന്ന മാദ്ധ്യമ വാർത്തകൾ നിഷേധിച്ച് സൈന്യം. യാതൊരു അടിസ്ഥാനവുമില്ലാത്ത വാർത്തയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് സൈന്യം വ്യക്തമാക്കി. ഇന്ത്യ- ചൈന സൈനിക പിന്മാറ്റ തീരുമാനത്തിൽ മാറ്റമൊന്നുമില്ലെന്നും സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. കൂടുതൽ ചർച്ചകൾ നടന്നുവരികയാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഫെബ്രുവരിയിൽ സൈനിക പിന്മാറ്റം തുടങ്ങിയതിനു ശേഷം കടന്നുകയറ്റമോ സംഘർഷമോ ഉണ്ടായിട്ടില്ല. മാദ്ധ്യമ റിപ്പോർട്ടുകൾ പൂർണമായും തെറ്റും അടിസ്ഥാന രഹിതവുമാണ്.ഗാൽവനിലോ മറ്റെവിടെയെങ്കിലുമോ സംഘർഷം ഉണ്ടായിട്ടില്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.അഭിപ്രായ വ്യത്യാസമുള്ള മേഖലകളെപ്പറ്റി ചർച്ചകൾ പുരോഗമിക്കുകയാണ്. സൈന്യം പട്രോളിംഗ് നടത്തുന്നിടങ്ങളിൽ അത് തുടരുകയും ചെയ്യുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഗാൽവാനിൽ ഇന്ത്യ- ചൈന സൈനികർ തമ്മിൽ സംഘർഷം നടന്നത്. 20 ഇന്ത്യൻ സൈനികർ സംഘർഷത്തിൽ വീരമൃത്യു വരിച്ചിരുന്നു. എന്നാൽ ചൈനയുടെ എത്ര പട്ടാളക്കാർ കൊല്ലപ്പെട്ടെന്നുള്ള കണക്കുകൾ ചൈന പുറത്തുവിട്ടിരുന്നില്ല. തുടർന്ന് മാസങ്ങൾ നീണ്ട സംഘർഷ സാഹചര്യത്തിനു ശേഷമാണ് സൈനിക പിന്മാറ്റമടക്കമുള്ള നടപടികൾ ഇരുവിഭാഗവും ആരംഭിച്ചത്.
















Comments