കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം ജനസംഖ്യാടിസ്ഥാനത്തിലാക്കി മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എതിര്‍പ്പുമായി മുസ്ലിം സംഘടനകള്‍. മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കൊണ്ടുവന്ന സച്ചാര്‍ സമിതി റിപ്പോര്‍ട്ടിനെ അട്ടിമറിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് മുസ്ലിം സംഘടനകളുടെ നിലപാട്.
‘മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ തയ്യാറാക്കിയ സച്ചാര്‍ സമിതി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. സച്ചാര്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥയാണ്. പിന്നോക്കാവകാശങ്ങള്‍ മുന്നോക്കക്കാര്‍ക്ക് അനധികൃതമായി നല്‍കുന്നത് ഭരണഘടനാ ലംഘനമാണ്. മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ രൂപം നല്‍കിയ സച്ചാര്‍ സമിതി ആനുകൂല്യങ്ങളില്‍ മാത്രം ജനസംഖ്യാ പ്രാതിനിധ്യം കൊണ്ടുവരികയും ചെയ്യുന്നത് നീതികേടാണെന്നാണ് സമസ്ത സംവരണ സമിതി അഭിപ്രായപ്പെടുന്നത്.
80-20 അനുപാതം റദ്ദാക്കി ഹൈക്കോടതി വിധിവന്ന സാഹചര്യത്തില്‍ സച്ചാര്‍ സമിതി റിപ്പോര്‍ട്ടില്‍ മുഴുവന്‍ ആനുകൂല്യങ്ങളും മുസ്ലിം സമുദായത്തിന് ലഭിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്നായിരുന്നു സമസ്ത നിലപാട്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഭാവി കാര്യങ്ങള്‍ ആലോചിക്കാന്‍ സമസ്ത സംവരണ സമിതി ഇന്ന് യോഗം ചേരുന്നുണ്ട്. തീരുമാനത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് സമസ്തയുടെ നീക്കം.
തീരുമാനം മുസ്ലിംങ്ങളെ പിന്നോക്കാവസ്ഥയിലേക്ക് തള്ളുമെന്നും ആശങ്ക സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ വ്യക്തമാക്കി. മുസ്ലിംങ്ങള്‍ക്ക് സവിശേഷമായി ഏര്‍പ്പെടുത്തണമെന്ന് രണ്ട് സമിതികളും നിയമപരമായി മുന്നോട്ട് വെച്ച ഒരു ശിപാര്‍ശ അതേ രീതിയില്‍ മുസ്ലിംങ്ങൾക്ക് മാത്രമായി നടപ്പിലാക്കിയില്ലെങ്കില്‍ കേരളത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മുസ്ലിം ന്യൂനപക്ഷം ഏറെ പിന്നാക്കം തള്ളപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നും മുസ്ലിം ജമാഅത്ത് വ്യക്തമാക്കുന്നു.
















Comments