തിരുവനന്തപുരം: തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആന്റ് കെമിക്കൽസിൽ ജവാൻ റം ഉത്പാദനം പ്രതിസന്ധിയിൽ. മോഷണത്തിന് ശേഷം മദ്യ നിർമ്മാണത്തിന് അനുമതി നൽകാത്തതിനെ തുടർന്നാണ് പ്രതിസന്ധിയുണ്ടായത്. ബ്ലെൻഡ് ചെയ്ത് സൂക്ഷിച്ച 1.75 ലക്ഷം ലിറ്റർ സ്പിരിറ്റിൽ പൊടിപടലങ്ങളാണെന്നും വീണ്ടും അരിക്കണമെന്നും എക്‌സൈസ് അറിയിച്ചു. സ്പിരിറ്റ് തിരിമറിയെ തുടർന്ന് നിർമ്മാണം നിലച്ചിട്ട് രണ്ടാഴ്‌ച്ച പിന്നിടുകയാണ്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന സ്പിരിറ്റ് അവിടെ വെച്ചു തന്നെ മറിച്ചുവിൽക്കുകയായിരുന്നു.
സംഭരണികളിലെ സ്പിരിറ്റ് ഉപയോഗിക്കാൻ എക്‌സൈസ് വകുപ്പ് അനുമതി നൽകാത്തതിനെ തുടർന്നാണ് റം ഉത്പാദനം നിർമ്മാണം നിർത്തിവച്ചത്. ലിറ്റർ കണക്കിന് സ്പിരിറ്റ് കെട്ടിക്കിടക്കുകയാണ്. സ്പിരിറ്റുമായെത്തിയ അഞ്ച് ടാങ്കറുകളിലെ ലോഡ് ഇതുവരെ ഇറക്കിയിട്ടുമില്ല. കെമിക്കൽ ലാബിലെ ഫലം കിട്ടിയത് വ്യാഴാഴ്‌ച്ചയാണ്. മോഷണ സ്പിരിറ്റ് കണക്കെടുപ്പ് പൂർത്തിയായിട്ടില്ലെന്നും സ്പിരിറ്റ് ഉപയോഗിക്കാനാകില്ലെന്നുമാണ് എക്‌സൈസ് വകുപ്പിന്റെ വിശദീകരണം.
ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലെത്തിച്ച സ്പിരിറ്റ് മോഷണം പോയതായി കണ്ടെത്തിയതോടെ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. 50,000 ലിറ്ററിന് മുകളിൽ സ്പിരിറ്റ് മോഷ്ടിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ടാങ്കറിലെ ഇ ലോക്കുമായി ബന്ധിപ്പിക്കുന്ന പൈപ്പ് മുകൾഭാഗം വച്ച് മുറിച്ച ശേഷം സ്പിരിറ്റ് ചോർത്തുന്നതായിരുന്നു രീതിയെന്നാണ് ഫൊറൻസിക്, എക്‌സൈസ്, ലീഗൽ മെട്രോളജി വിഭാഗങ്ങളുടെ സംയുക്ത പരിശോധനയിലെ നിഗമനം.
സംസ്ഥാനത്തെ ബിവ്‌കോ ഔട്ട്‌ലെറ്റുകളിൽ വിൽപനയിൽ മുൻപന്തിയിൽ നിൽക്കുന്ന ബ്രാൻഡാണ് ജവാൻ റം. ഉത്പാദനത്തിലെ അനിശ്ചിതത്വം തുടരുന്നത് വിൽപനയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ബിവ്‌കോയും.
















Comments