തിരുവനന്തപുരം : ക്ഷേത്രങ്ങളിലെ പാത്രങ്ങൾ വിറ്റ് കൊറോണ പ്രതിസന്ധിയുണ്ടാക്കിയ സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. പുതിയ നിയമനങ്ങൾ പരിമിതപ്പെടുത്താനും തീരുമാനിച്ചു. ക്ഷേത്രങ്ങളിലേക്കുള്ള വരുമാനം കുറഞ്ഞതോടെയാണ് ഇത് മറി കടക്കാൻ പാത്രങ്ങൾ വിൽക്കുന്ന കാര്യം ബോർഡ് പരിഗണിച്ചത്.
നിത്യോപയോഗത്തിനായുള്ള പാത്രങ്ങൾ ഒഴികെ ബാക്കിയെല്ലാം വിൽക്കാനാണ് തീരുമാനം. മണ്ഡലകാലത്ത് ശബരിമലയിൽ നിന്നും ലഭിച്ചിരുന്ന പണമായിരുന്നു ബോർഡിന്റെ പ്രധാന വരുമാന സ്രോതസ്സ്. എന്നാൽ കഴിഞ്ഞ മണ്ഡലകാലത്ത് കാര്യമായ വരുമാനം ലഭിച്ചില്ല. കൊറോണയുടെ സാഹചര്യത്തിൽ ക്ഷേത്രത്തിലേക്ക് ഭക്തർ എത്താത്തതാണ് ഇതിന് കാരണമായത്. മാസപൂജയ്‌ക്കായി എത്തുന്ന ഭക്തരുടെ എണ്ണത്തിലും വലിയ കുറവുണ്ടായതായി ദേവസ്വം ബോർഡ് അദ്ധ്യക്ഷൻ എൻ വാസു പറയുന്നു.
കാണിക്കയായി ക്ഷേത്രങ്ങൾക്ക് ലഭിച്ച സ്വർണത്തിന്റെ കണക്കെടുപ്പ് അവസാന ഘട്ടത്തിലാണ്. 500 കിലോയിൽ താഴെ സ്വർണമേ ഉണ്ടാകൂവെന്നാണ് ബോർഡ് വിലയിരുത്തുന്നത്. ക്ഷേത്രങ്ങളിലെ വരുമാന ചോർച്ച തടയാൻ പരിശോധനകൾ കർശനമാക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
Comments