ന്യൂഡൽഹി; ഇന്ത്യയുടെ തദ്ദേശീയ ഡ്രോൺ പ്രതിരോധ സംവിധാനം ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ഇക്കാര്യം അറിയിച്ചത്. ഡിആർഡിഒ ഉൾപ്പെടെയുളള സ്ഥാപനങ്ങൾ ഇതിന്റെ പണിപ്പുരയിലാണെന്നും വൈകാതെ രാജ്യത്തിന്റെ അതിർത്തികളിൽ വിന്യസിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഡൽഹിയിൽ ബിഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
ഡ്രോണുകളിൽ നിന്നുളള സുരക്ഷാ ഭീഷണി വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. അടുത്തിടെ ജമ്മുവിലെ വ്യോമതാവളത്തിന് നേർക്ക് ഡ്രോൺ ആക്രമണവും ഭീകരർ നടത്തിയിരുന്നു. രാജ്യത്ത് സമാനമായ കൂടുതൽ ആക്രമണങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജമ്മുവിലെ ആക്രമണത്തിന് ശേഷം കശ്മീരിൽ ഉൾപ്പെടെ അതിർത്തി മേഖലയിൽ നിരവധി ഡ്രോണുകൾ സംശയകരമായ സാഹചര്യത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ അതിർത്തി സംരക്ഷണത്തിൽ നേരിടുന്ന വെല്ലുവിളികൾ അതീജിവിക്കാൻ രാജ്യത്തെ അർദ്ധസൈനിക വിഭാഗങ്ങൾക്ക് ശേഷിയുണ്ടെന്ന് അമിത് ഷാ പറഞ്ഞു. അതിർത്തി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താൻ മോദി സർക്കാർ മുന്തിയ പരിഗണന നൽകുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുന്നതോടെ അതിർത്തികൾ സംരക്ഷിക്കപ്പെടുമെന്ന ആശയത്തിലാണ് സർക്കാരെന്നും അമിത് ഷാ വ്യക്തമാക്കി.
സൈന്യത്തിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയെടുക്കാനോ അതിർത്തി മേഖലയുടെ വികസനത്തിനോ മുൻപിരുന്ന യുപിഎ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് അമിത് ഷാ പറഞ്ഞു. 2008 മുതൽ 2014 വരെ 3600 കിലോമീറ്റർ റോഡ് മാത്രമാണ് നിർമിച്ചത്. എന്നാൽ മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇതുവരെ 4764 കിലോമീറ്റർ റോഡ് പൂർത്തിയായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സൈനിക വാഹനങ്ങളുടെ സഞ്ചാരം എളുപ്പമാക്കാൻ ഒരു ടണൽ മാത്രമാണ് യുപിഎ സർക്കാരിന്റെ കാലത്ത് നിർമിച്ചിരുന്നത്. എന്നാൽ മോദി സർക്കാർ ഇതിനോടകം തന്നെ ആറ് ടണലുകളുടെ നിർമാണം പൂർത്തിയാക്കി. 19 ടണലുകളുടെ നിർമാണം പുരോഗമിക്കുന്നതായും അമിത് ഷാ പറഞ്ഞു.
Comments