ന്യുഡല്‍ഹി: കൻവർ തീർത്ഥാടന യാത്ര തെറ്റാണെങ്കില്‍ ബക്രീദ് പൊതു ആഘോഷമാകുന്നത് എങ്ങനെയാണെന്ന് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി. മൂന്നു ദിവസത്തേക്ക് കേരളത്തിൽ ലോക്ഡൗണിൽ ഇളവ് നൽകിയതിനെയാണ് സിങ്വി വിമർശിച്ചത്.ബക്രീദ് ആഘോഷങ്ങള്‍ക്കായി മൂന്ന് ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ നീക്കിയ സര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരമാണെന്നും സിങ്വി ട്വിറ്ററില്‍ കുറിച്ചു.
കേരളം കോവിഡ് കിടക്കയിലാണെന്ന കാര്യം മറക്കരുതെന്നാണ് സിങ്വിയുടെ ഓർമ്മപ്പെടുത്തൽ. ഉത്തര്‍പ്രദേശിലെ കൻവർ തീര്‍ത്ഥാടന യാത്ര നടത്തുന്നത് സർക്കാർ റദ്ദാക്കിയിരുന്നു. സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്നാണ് സർക്കാർ യാത്രാനുമതി നിഷേധിച്ചത്. ഈ സാഹചര്യം കൂടി വിലയിരുത്തിയാണ് സിങ്വിയുടെ പ്രതികരണം.
ബക്രീദ് പ്രമാണിച്ച് മൂന്നു ദിവസത്തേക്കാണ് കേരളത്തിൽ ലോക്ഡൗൺ ഇളവ്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കടകൾ തുറക്കാൻ അനുമതിയുണ്ട്. രണ്ടാംഘട്ട വ്യാപനത്തെതുടർന്ന് വാരാന്ത്യലേക്ഡൗൺ കേരളം കർശനമായി നടപ്പിലാക്കിയിരുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായും എടുത്തുമാറ്റിയിരുന്നില്ല. കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര വിദഗ്ധ സമിതി അംഗങ്ങളും കേരളത്തിലെത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് ബക്രീദ് പ്രമാണിച്ച് സർക്കാർ മൂന്നു ദിവസത്തെ ഇളവു പ്രഖ്യാപിച്ചിരിക്കുന്നത്. രോഗസ്ഥിരീകരണ നിരക്കുപ്രകാരം ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുള്ള ഡി കാറ്റഗറിയിൽ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബക്രീദ് പ്രമാണിച്ച് തിങ്കളാഴ്ച കടകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. രോഗവ്യാപനം തടയാനുള്ള നിയന്ത്രണങ്ങളോടെയാണിത്.
എ, ബി, സി വിഭാഗങ്ങളിലുള്ള സ്ഥലങ്ങളിൽ അവശ്യസാധന കടകൾക്കുപുറമേ തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക്സ് കട, ഫാൻസിക്കട, സ്വർണക്കട എന്നിവ ഞായറാഴ്ച മുതൽ മൂന്നുദിവസം തുറക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
Deplorable act by Kerala Govt to provide 3 days relaxations for Bakra eid celebrations especially because it's one of the hot beds for Covid-19 at present. If Kanwar Yatra is wrong, so is Bakra Eid public celebrations.
— Abhishek Singhvi (@DrAMSinghvi) July 17, 2021
Comments