ശസ്ത്രക്രിയയ്ക്കായി കരുതിയ പണം എലി കരണ്ടു നശിപ്പിച്ചു. മഹബൂബാബാദ് ജില്ലയിലെ വെമുനുര്‍ ഗ്രാമത്തിലെ പച്ചക്കറി കര്‍ഷകനായ റെഡ്യ നായിക്കിന്റെ രണ്ട് ലക്ഷം രൂപയാണ് എലി കരണ്ടത്. ഈ സംഭവത്തില്‍ കര്‍ഷകന് സഹായവുമായി മന്ത്രി. തെലങ്കാനയിലെ വനിതാ-ശിശുക്ഷേമ മന്ത്രി സത്യവതി റാഥോഡ് കര്‍ഷകന് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. ഉദരസംബന്ധിയായ ശസ്ത്രക്രിയക്കായി നാലുലക്ഷം രൂപയായിരുന്നു വേണ്ടിയിരുന്നത്.
സ്വന്തം സമ്പാദ്യവും സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും കടംവാങ്ങിയുമാണ് രണ്ടുലക്ഷം രൂപ റെഡ്യ സ്വരൂപിച്ചത്. ഇത് ബാഗിലാക്കി വീട്ടിലെ അലമാരയില്‍ സൂക്ഷിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ പണം നല്‍കേണ്ടിയിരുന്നത്. ഇതിനായി അലമാര തുറന്നപ്പോഴാണ് ബാഗിലാക്കി സൂക്ഷിച്ചിരുന്ന പണം എലി കരണ്ടതായി റെഡ്യ മനസ്സിലാക്കിയത്.
പണം മാറ്റി നല്‍കുമോ എന്നറിയുന്നതിനായി റെഡ്യ പിന്നീട് പല ബാങ്കുകളിലും കയറിയിറങ്ങിയെങ്കിലും ബാങ്കുകള്‍ അത് സാധ്യമല്ലെന്ന് അറിയിക്കുകയായിരുന്നു. റെഡ്യയുടെ ദുരവസ്ഥ ശ്രദ്ധയില്‍ പെട്ട മന്ത്രി റെഡ്യക്ക് സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. പണം നഷ്ടമായതിനെ കുറിച്ചോ രോഗത്തെ കുറിച്ചോ ഓര്‍ത്ത് വിഷമിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
















Comments