ന്യൂഡൽഹി: മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദറിന്റെ കടുത്ത എതിർപ്പ് അവഗണിച്ച് നവജ്യോത് സിംഗ് സിദ്ധുവിനെ പഞ്ചാബിൽ കോൺഗ്രസ് അദ്ധ്യക്ഷനായി നിയോഗിച്ചു. എംഎൽഎമാരെ അടക്കം രംഗത്തിറക്കി സിദ്ധുവിനെ പാർട്ടി അദ്ധ്യക്ഷനാക്കുന്നത് തടയാൻ അമരീന്ദർ ശ്രമിച്ചിരുന്നു. ഇതിനൊടുവിലാണ് ഹൈക്കമാൻഡിന്റെ തീരുമാനം.
അമരീന്ദറും സിദ്ധുവുമായുളള പ്രശ്‌നം തീർക്കാൻ പാർട്ടി ദേശീയ നേതൃത്വം മാസങ്ങളായി ശ്രമങ്ങൾ നടത്തുകയായിരുന്നു. എന്നാൽ സിദ്ധുവിനെ സംസ്ഥാന അദ്ധ്യക്ഷനാക്കുന്നതിനെ അമരീന്ദർ ശക്തമായി എതിർത്തിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ അത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നായിരുന്നു അമരീന്ദറിന്റെ വാദം. ഇരുവരും തമ്മിലുളള പ്രശ്‌നം അവസാനിപ്പിക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്കയും മുൻകൈയ്യെടുത്തായിരുന്നു ചർച്ചകൾ നടത്തിയത്.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് സിദ്ധുവിനെ പാർട്ടി അദ്ധ്യക്ഷനാക്കിയ വിവരം അറിയിച്ചത്. വർക്കിങ് പ്രസിഡന്റുമാരായി സുഖ് വീന്ദർ സിംഗ് ഡാനി, പവൻ ഗോയൽ, കുൽജിത് സിംഗ് നഗ്ര, സംഗട് സിംഗ് ഗിൽസിയാൻ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്.
അമരീന്ദറിനെ അനുനയിപ്പിക്കാൻ കഴിഞ്ഞ ദിവസം പഞ്ചാബിന്റെ സംഘടനാ ചുമതലയുളള കോൺഗ്രസ് ജനറൽ സെക്രട്ടറി ഹരീഷ് റാവത്തും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിയുടെ തീരുമാനം അംഗീകരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ അമരീന്ദർ സിദ്ധുവിനെ നിയമിക്കുന്ന കാര്യത്തിൽ തന്റെ വാദം കൂടി കേൾക്കണമെന്നും ആവർത്തിച്ചിരുന്നു.
















Comments