തൃശ്ശൂർ: സി.പി.എം. ഭരണസമിതിയുടെ നേതൃത്വത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങളിലും വൻ സാമ്പത്തിക തട്ടിപ്പു നടന്നതായി രജിസ്ട്രാറുടെ കണ്ടെത്തൽ. സൂപ്പർമാർക്കറ്റിലെ സ്റ്റോക്കെടുപ്പിലും ബാങ്കിന്റെ മാസതവണ ചിട്ടിയിലും കോടികണക്കിന് രൂപ തട്ടിയെന്നാണ് കണ്ടെത്തൽ. 50 കോടിയോളം രൂപ മാസക്കുറിയുടെ പേരിൽ തട്ടിയെന്നാണ് ജോയിന്റ് രജിസ്ട്രാർ കണ്ടെത്തിയത്.
കരുവന്നൂരിൽ മാസതവണ നിക്ഷേപ പദ്ധതിയിൽ എല്ലാ ടോക്കണും ഒരാൾക്ക് നൽകിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. അനിൽ എന്ന സുഭാഷ് ഒരു കുറിയിലെ 50 കൂപ്പണുകൾ സ്വയം ഏറ്റെടുത്തതാണ് ഒരു ഉദാഹരണമായി പറയുന്നത്. ഈ വ്യക്തി പകുതിയോളം വിളിച്ചെടുക്കുകയും ബാക്കിയുള്ളവ ഈട് വെച്ച് വായ്പ എടുക്കുകയുമാണ് ചെയ്തത്. ഇത്തരത്തിൽ പല പേരുകളിൽ ബിനാമി ഇടപാടുകൾ നടന്നുവെന്നാണ് വിവരം.
തുടർച്ചയായി ഒരാൾക്ക് മാത്രം കുറി ലഭിക്കുന്ന സാഹചര്യത്തിൽ ആളുകൾ സംശയം പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. ഇതേ തുടർന്നായിരുന്നു അന്വേഷണം.
മാപ്രാണം, കരുവന്നൂർ, മൂർക്കനാട് സൂപ്പർമാർക്കറ്റുകളിലാണ് വെട്ടിപ്പ് നടന്നത്. 2020ൽ മാത്രം മൂന്ന് സൂപ്പർമാർക്കറ്റുകളിലെ സ്റ്റോക് കുറച്ചുകാണിച്ച് ഒരു കോടി അറുപത്തിയൊമ്പത് ലക്ഷം രൂപ തട്ടിയെന്നാണ് കണ്ടെത്തൽ. 510 കോടി രൂപയാണ് കരുവന്നൂർ സഹകരണ ബാങ്കിന്റെ ആസ്തി. ഇതിൽ 506കോടി രൂപയും വായ്പനൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ പകുതി ശതമാനം തുകയും അനർഹർക്ക് ബിനാമി പേരിൽ കള്ള രേഖകൾ ചമച്ചാണ് അനുവദിച്ചെന്നും രജിസ്ട്രാറിന്റെ കണ്ടെത്തലിൽ ഉണ്ട്.
Comments