തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ പ്രതികളെല്ലാം സി.പി.എം സജീവപ്രവർത്തകരെന്ന് റിപ്പോർട്ട്. പോലീസ് കേസെടുത്ത ജീവനക്കാരെല്ലാം പ്രദേശത്തെ വിവിധ മേഖലകളിലെ സി.പി.എം ലോക്കൽ കമ്മിറ്റിയിൽ സുപ്രധാന സംഘടനാ ചുമതല വഹിക്കുന്നവരാണ്. നിലവിൽ മൂന്ന് സി.പി.എം നേതാക്കളെയാണ് ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുള്ളത്.
ബാങ്ക് സെക്രട്ടറി ടി ആർ സുനിൽ കുമാർ മാനേജർ ബിജു കരിം , ചീഫ് അക്കൗണ്ടന്റ് സി.കെ.സിജിൽ എന്നിവരാണ് എല്ലാ തട്ടിപ്പിനും ഭരണസമിതിക്കൊപ്പം നിന്നിരിക്കുന്നത്. ബിജു പൊറത്തിശ്ശേരിയിലേയും സുനിൽ കരുവന്നൂർ ലോക്കറ്റ് കമ്മിറ്റിയിലേയും സജീവ അംഗങ്ങളാണ്. സിജിൽ പാർട്ടി അംഗമാണ്.
ബാങ്ക് വായ്പാ തട്ടിപ്പിലെല്ലാം സാധാരണക്കാരുടെ ആധാരം വീണ്ടും പണയം വെച്ചാണ് നടത്തിയിരിക്കുന്നത്. ജീവനക്കാരും പാർട്ടി നേതാക്കന്മാരായ ഭരണസമിതിയും കോടികളാണ് തട്ടിച്ചത്. വമ്പന്മാരായ പല ബിസിനസ്സുകാർക്കുവേണ്ടി പത്തുശതമാനം കമ്മീഷൻ പറ്റിക്കൊണ്ട് വായ്പ്പകൾ അനുവദിച്ചതായാണ് പ്രാഥമിക വിവരം.
സാധാരണക്കാരുടെ വായ്പ തിരിച്ചവു തുക ഇരട്ടിയിലധികം വർദ്ധിച്ചത് കണ്ടാണ് ജനങ്ങൾ പരാതിയുമായി ബാങ്കിനെ പല തവണ സമീപിച്ചത്. ഒരോ സമയവും കൃത്യമായ മറുപടി നൽകാതെ ഇടപാടുകാരെ മടക്കി അയക്കുകയാണ് പതിവ്. ബാങ്കിൽ ബഹളം വെച്ചവരെ സി.പി.എം പ്രദേശിക നേതാക്കന്മാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ സംഭവങ്ങളും പരാതിക്കാർ പോലീസിനെ ബോധിപ്പിച്ചിട്ടുണ്ട്.
10 ലക്ഷവും 15 ലക്ഷവും മാത്രം വായ്പയെടുത്തവരുടെ അതേ ആധാരങ്ങൾ വെച്ച് 50 ലക്ഷം വരെ വായ്പകളെടുത്തതായാണ് തെളിഞ്ഞിരിക്കുന്നത്. ബാങ്കിൽ നിന്നും വരുന്ന നോട്ടീസിൽ തങ്ങൾ എടുക്കാത്തത്ര ഭീമമായ തുക കാണിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ പരാതിക്കാർക്കുവേണ്ടി വിവിധ പോലീസ് സ്‌റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്.
Comments