തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് മുൻ ബ്രാഞ്ച് മാനേജർക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി. മുൻ ബ്രാഞ്ച് മാനേജർ ബിജു കരിം, കമ്മിഷൻ ഏജന്റ് ബിജോയ് എന്നിവർ മുഖേന കമ്മിഷൻ നിരക്കിലാണ് വൻകിട ലോണുകൾ നൽകിയതെന്നും തേക്കടിയിലെ റിസോർട്ടിനായാണ് പണം ശേഖരിച്ചതെന്നുമാണ് ബി.ജെ.പി ആരോപിക്കുന്നത്. വൻകിട ലോണുകൾക്ക് കമ്മീഷൻ കൈപ്പറ്റിക്കൊണ്ടാണ് സി.പി.എം നേതാക്കൾ ബാങ്കിനെ മറയാക്കി പണമുണ്ടാക്കുന്നത്. തേക്കടിയിലെ ഒരു സ്വകാര്യ റിസോർട്ടിന്റെ നിർമ്മാണത്തിനായിട്ടാണ് പണം ശേഖരിച്ചതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷാണ് ആരോപണം ഉന്നയിച്ചത്.
ഓരോ ലോണിനും പത്ത് ശതമാനം വരെ കമ്മിഷൻ ഈടാക്കിയാണ് വായ്പ അനുവദിച്ചത്. ബിജു കരിം എന്ന ബാങ്ക് ജീവനക്കാരനും ലോക്കൽ കമ്മിറ്റി അംഗമായ വ്യക്തിയാണ് തട്ടിപ്പിന് നേതൃത്വം കൊടുത്തതെന്നാണ് ആരോപണം. ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നിക്ഷേപങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെടുന്നു.
2004 മുതലുള്ള നിരവധി പരാതികൾ ഇടപാടുകാർ ഉന്നിയിച്ചിട്ടുണ്ടെങ്കിലും പാർട്ടി നേതാക്കന്മാർ അതെല്ലാം ഒത്തുതീർപ്പാക്കുകയാണ് രീതി. ഇടപാടുകാരിൽ ഭൂരിഭാഗവും സി.പി.എം അനുഭാവികളാണെന്നതാണ് നേതാക്കന്മാർ മുതലെടുക്കുന്നത്. 2019ലെ പരാതികൾ ജോയിന്റ് രജിസ്ട്രാർ പരിശോധിച്ചപ്പോഴാണ് ബിനാമി ഇടപാടുകൾ കണ്ടെത്തിയത്. 46 ആളുകളുടെ പേരിൽ എടുത്ത 22.85 കോടി രൂപ മുഴുവൻ കിരൺ എന്നയാളുടെ ഒരു അക്കൗണ്ടിലേക്കാണ് വരവുചെയ്തിരിക്കുന്നത്. ബാങ്കിന്റെ കീഴിലുള്ള സൂപ്പർമാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങിയതിൽ ഒരുവർഷത്തെ കണക്കുകൾ പരിശോധിച്ചപ്പോൾ മാത്രം ഒരു കോടി അറുപത്തിയേഴ് ലക്ഷത്തിന്റെ കുറവുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ബാങ്ക് നടത്തുന്ന ചിട്ടിയിലെ 50 കൂപ്പണുകൾ ഒരാൾ തന്നെ കയ്യിൽവെച്ച് ഒരുകോടിയലധികം തുക വിളിച്ചെടുത്തതായും കണ്ടെത്തിയിരുന്നു.
അന്വേഷണ വിവരം പുറത്തുവരുന്നതിന് മുന്നേ ബാങ്ക് സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലേക്ക് നീങ്ങിയിരുന്നു. സാധാരണ നിക്ഷേപകർക്ക് ആഴ്ചയിൽ 10,000 രൂപയിൽ കൂടുതൽ പിൻവലിക്കാനാവാത്ത സാമ്പത്തിക സ്ഥിതിയിലേക്ക് ബാങ്ക് എത്തിയിരുന്നു. വിശ്വാസവഞ്ചന, തട്ടിപ്പ്, വ്യാജരേഖ ചമയ്‌ക്കൽ എന്നിവയ്‌ക്ക് പുറമെ ബാങ്ക് ജീവനക്കാർ തട്ടിപ്പ് നടത്തിയതിനുള്ള വകുപ്പും ചേർത്തുള്ള കേസാണ് ക്രൈംബ്രാഞ്ച് എടുത്തിരിക്കുന്നത്. തട്ടിപ്പിൽ നിന്നും തലയൂരാനായി ഏഴു ജീവനക്കാരെ ജോലിയിൽ നിന്നും പുറത്താക്കിയെന്നാണ് സി.പി.എം വാദം.
Comments