കോഴിക്കോട് വ്യാജ ടെലിഫോൺ എക്‌സ്‌ചേഞ്ച്; പിന്നിൽ ബംഗളൂരു കേസ് പ്രതി ഇബ്രാഹിം തന്നെ; ഉടൻ കേരളത്തിൽ എത്തിക്കും

Published by
Janam Web Desk

കോഴിക്കോട് : ബംഗളൂരു സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യ പ്രതി ഇബ്രാഹിം പുല്ലാട്ടിൽ കോഴിക്കോട്ടെ കേസിലും പ്രതി എന്ന് കണ്ടെത്തൽ. രണ്ടിടങ്ങളിലെയും എക്‌സ്‌ചേഞ്ചുകൾക്ക് പിന്നിൽ ഒരേ സംഘമാണ് പ്രവർത്തിച്ചതെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ പങ്ക് വ്യക്തമായത്. ഇബ്രാഹിമിനെ കോഴിക്കോട് കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം. ഇതിനായി ക്രൈം ബ്രാഞ്ച് സംഘം പ്രതിയുമായി കേരളത്തിലേയ്‌ക്ക് തിരിച്ചു.

പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ ഫോൺ ചോർത്താൻ ശ്രമിച്ച ബംഗളൂരു സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതിയാണ് മലപ്പുറം സ്വദേശിയായ ഇബ്രാഹിം പുല്ലാട്ടിൽ. കോഴിക്കോട് ഏഴ് ഇടങ്ങളിലായി പ്രവർത്തിച്ച സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകളുടെ പിന്നിലും ഇയാളാണ് പ്രവർത്തിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കോഴിക്കോട് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ഇബ്രാഹിമിനെ പ്രതിചേർക്കാനാണ് തീരുമാനം.

ശനിയാഴ്ച കോഴിക്കോട് എത്തുന്ന ഉദ്യോഗസ്ഥർ തിങ്കളാഴ്ച ഇബ്രാഹിമിനെ കോടതിയിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തും. തുടർന്ന് ചോദ്യം ചെയ്യാൻ ഇബ്രാഹിമിനെ കസ്റ്റഡിയിൽ വാങ്ങും. ബംഗളൂരുവിലും കോഴിക്കോടും ഇയാളുമായി തെളിവെടുപ്പ് നടത്തും. കോഴിക്കോട് നിന്നും അറസ്റ്റിലായി ജയിലിൽ കഴിയുന്ന ജുറൈസാണ് കേസിലെ മറ്റൊരു പ്രതി. ചാലപ്പുറം സ്വദേശി ഷബീറിനെയും കേസിൽ പ്രതിയാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.

അതേസമയം കേസിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ ഇതുമായി ബന്ധമുള്ള നിരവധി പേർ ഒളിവിൽ പോയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു. സംസ്ഥാനത്ത് മറ്റ് ഇടങ്ങളിൽ സമാന്തര എക്‌സ്‌ചേഞ്ചുകൾ നടത്തിയിട്ടുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേസന്വേഷണം മറ്റ് ജില്ലകളിലേയ്‌ക്കും വ്യാപിപ്പിക്കും.

Share
Leave a Comment