തൃശൂർ : സിപിഎം നേതൃത്വത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിലെയും മറ്റ് സഹകരണ ബാങ്കുകളിലേയും കോടികളുടെ തിരിമറി പുറത്തുവന്നതോടെ ആശങ്കയിലായി ഇടപാടുകാർ. ലക്ഷങ്ങളുടെ നിക്ഷേപം നടത്തിയവരാണ് ആശങ്കയിലായിരിക്കുന്നത്. ബാങ്കിനെ സമീപിച്ച് പണം പിൻവലിക്കാനൊരുങ്ങുമ്പോൾ സിപിഎം നേതാക്കളുടെ ഭാഗത്തു നിന്ന് പ്രലോഭനങ്ങളും ഭീഷണിയുമാണ് മുഴങ്ങുന്നതെന്ന് ഇടപാടുകാർ പറയുന്നു.
സിപിഎം നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളിൽ നിന്ന് ജനം പണം പിൻവലിക്കാൻ ഒരുങ്ങുമ്പോൾ നിക്ഷേപ വാഗ്ദാനങ്ങൾ നൽകി പുതുതല മുറ ബാങ്കുകാർ പിന്നാലെയുണ്ട്. പുതുതലമുറ ബാങ്കുകളുടെ പ്രതിനിധികൾ ഇടപാടുകാരിൽ മിക്കവാറും പേരേയും നേരിട്ട് ബന്ധപ്പെട്ടുകഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. ആകർഷകമായ പലിശയാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. സഹകരണ ബാങ്കുകൾ പൊട്ടുമെന്ന പേടിയിൽ പണം പിൻവലിക്കാനെത്തുന്ന ഇടപാടുകാരെ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
നമ്മൾ നാളെയും കാണേണ്ടവരല്ലേ ,ഇവിടെയൊക്കെത്തന്നെയല്ലേ ജീവിക്കേണ്ടത് തുടങ്ങി നയപരമായ ഭീഷണിയാണ് സിപിഎം നേതാക്കൾ ഉയർത്തുന്നത്. പണം പിൻവലിക്കാൻ എത്തുന്നവർക്ക് വളരെ ചെറിയ തുകമാത്രമേ പിൻവലിക്കാൻ കഴിയുന്നുള്ളൂ. മക്കളുടെ വിവാഹാവശ്യത്തിനായി സ്ഥിരനിക്ഷേപമിട്ടവർക്കും ഇതുമൂലം പണം തിരിച്ചു കിട്ടുന്നില്ലെന്ന് പരാതിയുണ്ട്. സിപിഎം നേതാക്കളുടെ അഴിമതിയും ജനങ്ങളുടെ ആധാരവും പണവും ഉപയോഗിച്ച് കോടികൾ സമ്പാദിക്കുന്നതും ഇടപാടുകാരെ തളർത്തിയിരിക്കുകയാണ്. റിസർവ്വ് ബാങ്കിന്റെ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റീ കോർപ്പറേഷനിൽ അംഗമാകാത്ത ബാങ്കുകൾ തകർന്നാൽ അഞ്ച് പൈസ പോലും ഇടപാടുകാരനു തിരികെ ലഭിക്കില്ല. ഇതും ഇടപാടുകാർക്ക് ആശങ്കയാവുകയാണ്.
















Comments