കണ്ണൂർ: ഡെന്റൽ വിദ്യാർത്ഥിനി മാനസയുടെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ്. ദിവസങ്ങളോളം ആസൂത്രണം ചെയ്തു നടത്തിയ കൊലപാതകമാണ് മാനസയുടേതെന്നാണ് പോലീസിന്റെ നിഗമനം. യുവതി പേയിങ് ഗസ്റ്റായി താമസിക്കുന്ന വീടിന് അമ്പതുമീറ്റർ മാറിയുള്ള വാടകമുറി രാഖിൽ കണ്ടെത്തി. ഇവിടെ നിന്ന് മാനസ താമസിച്ചിരുന്ന കെട്ടിടം നിരീക്ഷിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. വേറെ വിവാഹം ആലോചിക്കാനും ആവശ്യപ്പെട്ടു. മാനസയുമായുള്ള സൗഹൃദം തകർന്നതിൽ വിഷമമില്ലെന്ന് കുടുംബത്തെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
ജൂലൈ നാലിനാണ് പ്ലൈവുഡ് ബിസിനസാണെന്നു പറഞ്ഞ് രാഖിൽ നെല്ലിക്കുഴിയിലെത്തിയതും വാടകമുറിയെടുത്ത് രണ്ടുദിവസം താമസിച്ചതും. കണ്ണൂരിലേക്ക് തിരിച്ചുപോയി തിങ്കളാഴ്ചയാണ് കോതമംഗലത്ത് വീണ്ടും എത്തുന്നത്. ഒരു ബാഗും കൊണ്ടുവന്നു. ഇതിൽ ഒളിപ്പിച്ചാണ് തോക്കെത്തിച്ചതെന്നാണ് പോലീസിന്റെ നിഗമനം. രാഖിൽ പകൽ സമയങ്ങളിൽ വീടിന് പുറത്തിറങ്ങാറില്ലെന്ന് വീട്ടുടമയും പറയുന്നു.
അതേസമയം പോലീസ് അന്വേഷണം നീളുന്നത് തോക്കിന്റെ പിന്നാലെയാണ്. ലൈസൻസുള്ള പിസ്റ്റൾ ആണോ അതോ മറ്റേതെങ്കിലും വഴി കൈക്കലാക്കിയതാണോ എന്നാണ് അന്വേഷിക്കുന്നത്. ബാലിസ്റ്റിക് പരിശോധനയിൽ തോക്ക് സംബന്ധിച്ച് വ്യക്തത വരും. കോതമംഗലത്ത് നിന്ന് ദിവസങ്ങളോളം മാനസയെ നിരീക്ഷിച്ച ശേഷം കണ്ണൂരിൽ തിരിച്ചെത്തി തോക്ക് സംഘടിപ്പിച്ചാണു രാഖിൽ കൊച്ചിയിൽ എത്തിയെന്നാണ് പോലീസ് അറിയിച്ചത്.
ആൾത്തിരക്കില്ലാത്ത സമയം നോക്കിയാണ് രാഖിൽ കൊല നടത്തിയതും. കൂട്ടുകാർക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന മാനസയുടെ നേരെ അപ്രതീക്ഷിതമായാണ് രാഖിൽ എത്തിയത്. ഇയാളെ കണ്ടയുടനെ മാനസ ക്ഷോഭിച്ചെന്നു ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ പോലീസിനോട് പറഞ്ഞു. ‘ഇയാൾ എന്തിനാണ് ഇവിടെ വന്നത്’ എന്നുചോദിച്ച് എഴുന്നേറ്റതും മാനസയുടെ കൈയിൽ പിടിച്ച് മുറിയിലേക്ക് കൊണ്ടുപോയി. സുഹൃത്തുക്കൾ വീട്ടുടമസ്ഥയെ വിവരമറിയിക്കാൻ പോയതിനിടെയാണ് മുറിയിൽനിന്ന് വെടിയൊച്ച കേട്ടത്. വീട്ടിലെത്തിയപ്പോൾ ചോരയിൽകുളിച്ചു കിടക്കുന്ന മാനസയെയും രാഖിലിനെയുമാണ് അവർ കണ്ടത്.
കണ്ണൂർ സ്വദേശികളായ ഇരുവരും ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. ഇവിടെ നിന്നാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. നിരവധി തവണ രാഖിൽ മാനസയെ ശല്യം ചെയ്യുകയും, ഇതേ തുടർന്ന് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇത്രയും ഗുരുതരമായ പ്രശ്‌നമായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.
Comments