കണ്ണൂർ: മാനസയുടെ മരണം അമ്മ എൻ സബിത അറിഞ്ഞത് ടിവി ചാനലിൽ സംപ്രേക്ഷണം ചെയ്ത വാർത്തയിലൂടെ. പുതിയതെരു രാമഗുരു സ്‌കൂളിലെ അദ്ധ്യാപികയാണ് സബിത. ആദ്യം സഹോദരനാണ് വിളിക്കുന്നത്. വാർത്ത കണ്ടോ എന്ന് ചോദിച്ചൊരു അലറിക്കരച്ചിലായിരുന്നു. പിന്നാലെ സഹ അദ്ധ്യാപകരെ വിളിച്ചെങ്കിലും ഒന്നു മിണ്ടാനാകാതെ കരയുക മാത്രമാണ് സബിത ചെയ്തത്. തിരികെ വിളിച്ചവരോട് ടിവിയിൽ വാർത്ത വന്നെന്നും അത് എന്റെ മകളാണെന്നും സബിത പറഞ്ഞു.
ഈ സമയം മകളുടെ മരണ വിവരം അറിയാതെ തളാപ്പിൽ ട്രാഫിക്ക് ജോലിയിലായിരുന്നു അച്ഛൻ. ദുരന്ത വിവരം അറിയിച്ചു കൊണ്ടുള്ള ഫോൺ കോളുകൾ പോലും മാധവൻ കണ്ടിരുന്നില്ല. വൈകുന്നേരം അഞ്ചരയോടെ പോലീസ് ഉദ്യോഗസ്ഥർ മാധവനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു. മരിക്കുന്നതിന് തലേദിവസം മാനസ അച്ഛനോടും അമ്മയോടും അനുജനോടും ഏറെ നേരം സംസാരിച്ചിരുന്നു. നാളെ വൈകിട്ട് വിളിക്കാമെന്ന് പറഞ്ഞാണ് ഫോൺ വെച്ചത്.
പ്ലസ് ടൂ വരെ കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു മാനസ പഠിച്ചത്. പഠനത്തിൽ മിടുക്കിയായ മാനസ എൻട്രൻസ് എഴുതി സർക്കാർ ക്വാട്ടയിലാണ് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇൻസ്റ്റ്യൂട്ട് ഓഫ് ഡെന്റൽ സയസിൽ പ്രവേശനം നേടിയത്. നിലവിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്നു മാനസ.
Comments