കണ്ണൂർ: ഡെന്റൽ വിദ്യാർത്ഥിനി മാനസയെ കൊലപ്പെടുത്താൻ പ്രതി രാഖിൽ ഉപയോഗിച്ചത് പഴയ തോക്ക്. നാടൻ തോക്കാണിതെന്നും 7.62 എംഎം പിസ്റ്റളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പോലീസ് കണ്ടെത്തി. ഏഴ് റൗണ്ട് വരെ നിറയൊഴിക്കാൻ കഴിയുന്ന തോക്കാണിത്. മാനസയ്‌ക്ക് നേരെ രണ്ട് തവണയാണ് രാഖിൽ വെടിവെച്ചത്.
ചെവിയ്‌ക്ക് പിന്നിലായും നെഞ്ചിലുമാണ് വെടികൊണ്ടത്. രാഖിൽ പിന്നാലെ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. രാഖിലിന് എവിടെ നിന്നാണ് തോക്ക് ലഭിച്ചതെന്നാണ് പോലീസ് നിലവിൽ അന്വേഷിക്കുന്നത്. ഫോൺ കോളുകൾ പരിശോധിക്കും. കൂടാതെ രാഖിൽ നടത്തിയ അന്തർ സംസ്ഥാന യാത്രകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അന്വേഷണ സംഘം രാഖിലിന്റെ സുഹൃത്തുക്കളേയും മാനസയുടെ സുഹൃത്തുക്കളേയും ചോദ്യം ചെയ്തു തുടങ്ങി. കൊല്ലപ്പെടുന്നതിന് അടുത്ത ദിവസങ്ങളിൽ നാല് തവണ മാനസയോട് സംസാരിച്ചുവെന്നാണ് രാഖിലിന്റെ സുഹൃത്തുക്കളുടെ മൊഴി. മാനസ അവഗണിച്ചതോടെ രാഖിലിന് പകയാവുകയായിരുന്നു.
രാഖിലിന് മാനസ പഠിച്ച കോളേജിലെ വിദ്യാർത്ഥികളുമായും ബന്ധം ഉണ്ടായിരുന്നു. മോട്ടിവേറ്റർ ആയിരുന്നുവെന്നാണ് ദന്തൽ കോളേജിലെ വിദ്യാർത്ഥികൾ നൽകിയ മൊഴി. അതേസമയം കേസിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. കോതമംഗലത്തെ ആശുപത്രിയിൽ വെച്ചാണ് ഇൻക്വസ്റ്റ് നടപടികൾ നടന്നത്. ഇനി കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തും.
Comments