കാബൂൾ: അഫ്ഗാനിൽ ഭീകരർക്ക് സഹായം നൽകുന്നവരിൽ മാദ്ധ്യമ പ്രവർത്തകരും. താലിബാനെ സഹായിക്കുന്ന നാല് മാദ്ധ്യമ പ്രവർത്തകരാണ് പിടിയിലായത്. എല്ലാവരും ചൈനയുടെ സിൻഹുവാ വാർത്താ ഏജൻസി കൾക്കായാണ് ജോലിചെയ്തിരുന്നതെന്നും അഫ്ഗാൻ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.
അഫ്്ഗാനിലെ മാദ്ധ്യമ പ്രവർത്തകരെ പിടികൂടിയതോടെയാണ് പാക് ചാരസംഘടനയായ ഐ.എസ്.ഐ ബന്ധം പുറത്തുവന്നത്. അഫ്ഗാൻ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയത് . മുഹിബ് ഒബൈദി, സനാഉള്ള സിയാം, ഖുദ്‌റത് സുൾത്താനി, ബിസ്മില്ല വാതൻദോസ്ത് എന്നിവരെയാണ് പിടികൂടിയത്.
താലിബാൻ നിലവിൽ പിടിമുറുക്കിയ പാക് അതിർത്തിയിലെ സ്പിൻ ബോൾദാക് പ്രവിശ്യയിലാണ് മാദ്ധ്യമപ്രവർത്തകർ രഹസ്യമായി പ്രവർത്തിച്ചിരുന്നത്. ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവായ്‌ക്ക് വേണ്ടിയാണ് ഇവരെല്ലാം ജോലിചെയ്തിരുന്നത്. കാബൂളിലേക്കുള്ള യാത്രക്കിടെയാണ് അഫ്ഗാൻ സൈന്യം മാദ്ധ്യമപ്രവർത്തകരെ പിടികൂടിയത്.
താലിബാൻ ഭീകര നേതാക്കളുമായും പാക് രഹസ്യാന്വേഷണ വിഭാഗവുമായും മാദ്ധ്യമപ്രവർത്തകർക്ക് രഹസ്യബന്ധമുണ്ടായിരുന്നു. ഭീകരരേയും പാക് ഉദ്യോഗസ്ഥരേയും അഭിമുഖം ചെയ്ത റിപ്പോർട്ടുകളെ അധികരിച്ചാണ് അന്വേഷണം നീങ്ങിയത്. ഇവർ അഭിമുഖം ചെയ്തതിൽ ഒരാൾ മുൻ താലിബാൻ നേതാവ് മുല്ല ഒമറിന്റെ മകനാണ്. അഭിമുഖം നടന്നത് മുൻ ഖാണ്ഡഹാർ പ്രവിശ്യ പോലീസ് മേധാവിയുടെ വീട്ടിൽ വെച്ചാണെന്നും അഫ്ഗാൻ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.
താലിബാനെ വെള്ളപൂശാനും അവർ നടത്തിക്കൊണ്ടിരിക്കുന്ന കൊടുംക്രൂരതകളെ ന്യായീകരിക്കാനുമാണ് മാദ്ധ്യമപ്രവർത്തകർ ശ്രമിച്ചിരുന്നത്. സ്പിൻ ബോൾദാകിൽ നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയ വാർത്തകൾ ഇവർ മറച്ചുവെച്ചു. പകരം സാധാരണക്കാർ താലിബാനെ അനുകൂലിക്കുന്നുവെന്ന് വരുത്തിതീർക്കാനും ശ്രമിച്ചതായും സൈന്യം കണ്ടെത്തി.
















Comments