പാറ്റ്‌ന: ഗംഗാനദിയിലെ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ പാറ്റ്‌ന നഗരപ്രദേശം കനത്ത വെള്ളപ്പൊക്ക ഭീഷണിയിൽ. അപകട രേഖയ്‌ക്കും മുകളിലാണ് ഗംഗയുടെ ഒഴുക്ക്. ജലനിരപ്പ് ഉയർന്നതിനാൽ തീർത്ഥാടകരെത്തുന്ന കടവുകളിലും സ്‌നാനം നടത്താൻ സാധിക്കില്ല. തീർത്ഥക്കടവുകളിലേക്കുള്ള പാതകളെല്ലാം പോലീസ് അടച്ചിരിക്കുകയാണ്.
കനത്ത മഴയാണ് ബീഹാറിൽ ഒരാഴ്ചയായി പെയ്യുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദമാണ് കനത്ത മഴയ്‌ക്ക് കാരണം. ഗംഗാ നദി കരകവിയുന്നതോടെ പ്രധാന പട്ടണങ്ങൾ വെള്ളത്തിലാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട് . ജനങ്ങളെ മാറ്റിപാർപ്പിക്കാനുള്ള സംവിധാനം ഒരുക്കുന്ന തിരക്കിലാണ് ജില്ലാ ഭരണകൂടം. കൊറോണ കാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ എടുക്കേണ്ട മുൻകരുതലിനെക്കുറിച്ചുള്ള ആശങ്കയാണ് പ്രദേശവാസികൾ പ്രകടിപ്പിക്കുന്നത്.
പകർച്ചവ്യാധി ഭീഷണിയാണ് ജില്ലാഭരണകൂടത്തെ അലട്ടുന്ന മറ്റൊരു പ്രശ്‌നം. ഗംഗാ നദിക്കു പുറമേ മറ്റ് നദികളും സംസ്ഥാനത്ത് കരകവിഞ്ഞു തുടങ്ങിയതോടെ സ്ഥിതി നിയന്ത്രണാതീതമാണ്. രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ സംസ്ഥാന ദൃത കർമ്മ സേനയെയാണ് നിയോഗിച്ചിട്ടുള്ളത്.
Comments