ന്യൂഡൽഹി : അതിർത്തിയിൽ പാകിസ്താൻ നടത്തുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങൾ കുറഞ്ഞതായി കേന്ദ്രമന്ത്രി. മാർച്ചിനും ജൂണിനുമിടയിൽ ആറ് തവണ മാത്രമാണ് പാകിസ്താൻ കരാർ ലംഘനം നടത്തിയതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്
പറഞ്ഞു. ലോക്‌സഭയിൽ എഴുതി നൽകിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പാക്പ്രകോപനം വർദ്ധിച്ച സാഹചര്യത്തിൽ കഴിഞ്ഞ ഫെബ്രുവരി 25 നാണ് ഇരു രാജ്യങ്ങളും തമ്മിൽ പുതിയ വെടിനിർത്തൽ കരാറിന് ധാരണയായത്. ഡയറക്ടർ ജനറൽ തല ചർച്ചയ്‌ക്ക് ശേഷമായിരുന്നു ഇത്. പുതിയ കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ ആകെ ആറ് തവണ മാത്രമാണ് പാകിസ്താൻ ആക്രമണം നടത്തിയിരിക്കുന്നത്. ഏപ്രിലിൽ ഒരു തവണയും, മേയിൽ മൂന്ന് തവണയും, ജൂണിൽ രണ്ട് തവണയുമാണ് ആക്രമണം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ജനുവരിയിൽ മാത്രം 380 തവണയും, ഫെബ്രുവരിയിൽ 278 തവണയും പാകിസ്താൻ കരാർ ലംഘിച്ചു. 2020 ൽ 5,133 തവണയാണ് പാകിസ്താൻ ആക്രമണം നടത്തിയത്. 2019 ൽ ഇത് 3,479 ആയിരുന്നു. 2018 ൽ 2,140 തവണയാണ് പാകിസ്താൻ കരാർ ലംഘിച്ചത്. 2020 ലാണ് ഏറ്റവും കൂടുതൽ വെടിനിർത്തൽ കരാർ ലംഘനം ഉണ്ടായതെന്നും നിത്യാനന്ദ റായ്
ലോക്‌സഭയെ അറിയിച്ചു.
















Comments