ശ്രീനഗർ: കത്വയിലെ ഹെലികോപ്റ്റർ അപകടത്തിൽ കാണാതായ വൈമാനികർക്കായി തിരച്ചിൽ ഊർജ്ജിതം. നാവികസേനയാണ് രഞ്ജിത് സാഗർ അണക്കെട്ടിൽ തിരച്ചിൽ നടത്തുന്നത്. തടാകത്തിന്റെ ആഴവും കനത്ത തണുപ്പും വൈമാനികർ രക്ഷപ്പെടാനുള്ള സാദ്ധ്യത ഇല്ലാതാക്കുമെന്നാണ് ആശങ്ക. ഇന്ത്യൻ കരസേനയുടെ ധ്രുവ് ഹെലികോപ്റ്ററാണ് കത്വയിൽ രണ്ടു ദിവസം മുമ്പ് തകർന്ന് വീണത്.
കത്വയിലെ അപകടം നടന്നയുടനെ വൈമാനികരെ രക്ഷപെടുത്തിയെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒരു വൈമാനികൻ മരണപ്പെട്ടതായും ഒരാളെ ആശുപത്രിയിലെത്തിച്ചെന്നും വാർത്ത വന്നിരുന്നു. എന്നാൽ കരസേന പിന്നീട് രണ്ടു വാർത്തകളും തള്ളി.
പഞ്ചാബിലെ റാവി നദിയുമായി ബന്ധപ്പെട്ടാണ് ജലസേചന പദ്ധതിക്കായി രഞ്ജിത് സാഗർ അണക്കെട്ട് നിർമ്മിച്ചത്. പഞ്ചാബിലെ പത്താൻകോട്ടിൽ നിന്നും ജമ്മുകശ്മീരിലേക്ക് പറന്ന ഹെലികോപ്റ്ററാണ് അണക്കെട്ടിൽ തകർന്നുവീണത്. തകർന്ന ഹെലികോപ്റ്ററിന്റെ ഭാഗങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്താനായതെന്ന് പോലീസ് സൂപ്രണ്ട് ആർ.സി.കോത്വാൾ അറിയിച്ചു. നാവികസേനയുടെ മുങ്ങൽ വിദഗ്ധരാണ് അണക്കെട്ടിൽ തിരച്ചിൽ നടത്തുന്നത്.
















Comments