ടെൽ അവീവ്; ഇസ്രായേലിന് നേരെ റോക്കറ്റാക്രമണം നടത്തി ലെബനൻ. ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഹിസ്ബുള്ളയ്‌ക്ക് സ്വാധീനമുള്ള പ്രദേശത്ത് നിന്നും പ്രകോപനമുണ്ടായത്. തുടർന്ന് ഇസ്രായേലും പ്രത്യാക്രമണം നടത്തി. ഇസ്രായേൽ പ്രതിരോധ സേനയാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്.
ലെബനനുമായി അതിർത്ത പങ്കിടുന്ന ഇസ്രായേൽ നഗരമായ കിർയാത് ശ്‌മോണയ്‌ക്ക് നേരെയാണ് ആക്രമണം നടന്നത്. മൂന്ന് റോക്കറ്റുകൾ ഉപയോഗിച്ചാണ് ലെബനൻ ആക്രമണം നടത്തിയത്. ഇതിൽ ഒരെണ്ണം തുറന്ന പ്രദേശത്ത് വന്ന് പതിക്കുകയും മറ്റെല്ലാ റോക്കറ്റുകളേയും ഇസ്രായേൽ പ്രതിരോധ സംവിധാനം തകർക്കുകയും ചെയ്തു.
റോക്കറ്റാക്രമണത്തിന് ശേഷം ലെബനനിൽ നിന്നും ഇസ്രായേലിലേയ്‌ക്ക് വെടിവെപ്പും നടന്നു. തുടർന്ന് ഇസ്രായേൽ പ്രത്യാക്രമണം നടത്തുകയായിരുന്നു. ലെബനനെതിരെ ഇസ്രായേൽ മൂന്ന് തവണ വെടിവെപ്പ് നടത്തി. ആക്രമണത്തിൽ ആളുകൾക്ക് പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
റോക്കറ്റാക്രമണത്തെ തുടർന്ന് വയലിൽ നിന്ന് പുക ഉയരുന്ന ചിത്രവും ഇസ്രായേൽ പ്രതിരോധ സേന ട്വീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടാമത്തെ തവണയാണ് ലെബനനിൽ നിന്നും പ്രകോപനം ഉണ്ടാകുന്നത്. ജൂലൈ 20 നും ഇസ്രായേലിനെതിരെ ലെബനൻ റോക്കറ്റാക്രമണം നടത്തിയിരുന്നു. രണ്ട് റോക്കറ്റുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന് ഇസ്രായേൽ ശക്തമായി മറുപടി നൽകിയിരുന്നു.
















Comments