മുംബൈ: ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും പ്രമുഖ വ്യവസായിയുമായ രാജ് കുന്ദ്രയ്‌ക്ക് നീലച്ചിത്ര നിര്‍മാണ കേസില്‍ ജാമ്യം നല്‍കാതെ കോടതി. രാജ് കുന്ദ്രയെ കൂടാതെ സഹായി റയാന്‍ തോര്‍പയ്‌ക്കും ജാമ്യമില്ല.
കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ജാമ്യം അനുവദിക്കാത്തതെന്ന് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി അറിയിച്ചു. ജാമ്യം നല്‍കുന്നത് വഴി കേസന്വേഷണത്തിന് തടസമുണ്ടായേക്കാമെന്നും സമൂഹത്തിന് അതീവ ഹാനീകരമായ കുറ്റകൃത്യമാണ് ആരോപിക്കപ്പെട്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് പുറമെ കുറ്റാരോപിതര്‍ ഇരുവരും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിച്ചെന്ന പ്രോസിക്യൂഷന്‍ വാദവും ജാമ്യം നിഷേധിക്കാന്‍ കാരണമായി. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥരുമായി കുന്ദ്ര സഹകരിക്കുന്നില്ലെന്ന ആരോപണവും പൊലീസ് ഉയര്‍ത്തി. രാജ് കുന്ദ്രയുടെ ഓഫീസില്‍ നിന്നും വീട്ടില്‍ നിന്നുമായി 50ലധികം നീലച്ചിത്രങ്ങള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തതായാണ് വിവരം.
അതേസമയം രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ ഭാര്യയും ബോളിവുഡ് നടിയുമായ ശില്‍പ ഷെട്ടി കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. വെല്ലുവിളി നിറഞ്ഞ ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നുമാണ് സമൂഹമാധ്യമങ്ങൡൂടെ ശില്‍പ പ്രതികരിച്ചത്.
















Comments