കണ്ണൂർ: ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസയുടെ കൊലപാതകം സംബന്ധിച്ച പ്രാഥമിക മൊഴികളും പോസ്റ്റുമോർട്ടം റിപ്പോർട്ടും തമ്മിൽ പൊരുത്തക്കേടെന്ന് ആക്ഷേപം. മാനസയ്‌ക്ക് നേരെ രാഖിൽ എത്ര വെടിയുതിർത്തു എന്നതിലാണ് ആശയക്കുഴപ്പം. കൊലപാതകം നടന്ന ദിവസം മൂന്ന് വെടിയൊച്ച കേട്ടതായാണ് സാക്ഷികൾ പറയുന്നത്. ഇതോടെയാണ് തോക്കുമായി ബന്ധപ്പെട്ട ദുരൂഹത വീണ്ടും അന്വേഷണസംഘത്തെ ആശയക്കുഴപ്പത്തിലാക്കുന്നത്.
നിർണ്ണായക തൊണ്ടിമുതലായ കൈത്തോക്കിന്റെ പരിശോധനയിൽ നാല് വെടിയുണ്ട ഉതിർത്തതായി കാണപ്പെട്ടു. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ ഇക്കാര്യങ്ങളിലുള്ള അവ്യക്തതകൾ മാറി. മാനസയുടെ ശരീരത്തിൽ വെടിയുണ്ടയേറ്റ മൂന്ന് മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.
ഒരു മുറിവ് ചെവിയുടെ താഴെ പിൻഭാഗത്തായിരുന്നു. ഇതിലൂടെ കടന്ന വെടിയുണ്ട ശരീരം തുളച്ചു പുറത്തുവന്നതായി റിപ്പോർട്ടുണ്ടായിരുന്നു. നെഞ്ചിനും ഉദരത്തിനും ഇടയിലായിരുന്നു അടുത്ത രണ്ട് മുറിവുകൾ. ആദ്യ രണ്ടു വെടിയുണ്ടകളും മാനസയ്‌ക്ക് ഏറ്റതിന്റെ തെളിവായിരുന്നു ഇവ. അടുത്ത വെടിയൊച്ച കേട്ടത് കൊലയാളി രഖിൽ തലയിലേക്കു സ്വയം വെടിയുതിർത്തതാണെന്നും കരുതപ്പെട്ടിരുന്നു. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിൽ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. ജൂലൈ 30നാണ് സംഭവം നടക്കുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവുരും പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. ഇവിടെ നിന്നാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതും കൊലപാതകത്തിൽ അവസാനിക്കുന്നതും.
Comments