ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് 209 റൺസ് വിജയ ലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സിൽ നാലാം ദിവസം കളിനിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് എടുത്തിട്ടുണ്ട്. 12 റൺസ് വീതം നേടി രോഹിത് ശർമ്മയും ചേതേശ്വർ പൂജാരയുമാണ് ക്രീസിലുള്ളത്. 26 റൺസെടുത്ത് കെ.എൽ.രാഹുലാണ് പുറത്തായത്. ബ്രോഡിനാണ് വിക്കറ്റ്.

രണ്ടാം ഇന്നിംഗ്‌സിൽ ആതിഥേയരെ 303 റൺസിനാണ് ഇന്ത്യ പുറത്താക്കിയത്. അഞ്ചു വിക്കറ്റുകൾ വീഴ്‌ത്തിയ ജസ്പ്രീത് ബുംമ്രയാണ് ഇംഗ്ലണ്ടിന്റെ തകർച്ചയ്‌ക്ക് കാരണമായത്.
നായകൻ ജോ റൂട്ട് നേടിയ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ മുന്നൂറിലേക്ക് എത്തിച്ചത്. ആദ്യ ഇന്നിംഗ്‌സിലും റൂട്ട് അർദ്ധ സെഞ്ച്വറി നേടിയിരുന്നു. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് സ്കോറായ 183നെതിരെ ഇന്ത്യ 278 റൺസാണ് നേടിയത്. അർദ്ധസെഞ്ച്വറികൾ നേടിയ രാഹുലിന്റേയും(84), രവീന്ദ്ര ജഡേജയുടേയും (86) ചെറുത്തുനിൽപ്പാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ നൽകിയത്.
രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് കനത്ത പ്രഹരമാണ് ബുംമ്ര ഏൽപ്പിച്ചത്. മുൻനിരയിലെ മൂന്ന് വിക്കറ്റും വാലറ്റത്തെ രണ്ടുവിക്കറ്റും ബുംമ്ര വീഴ്‌ത്തി. മുഹമ്മജ് സിറാജും ഷാർദുൽ ഠാക്കുറും ഈരണ്ട് വിക്കറ്റ് വീഴ്‌ത്തി. സെഞ്ച്വറി നേടിയ റൂട്ടിനെ കൂടാതെ സിംബ്ലേ(28), ബെയര്‍സ്റ്റോ(30),സാം കറൻ(32) എന്നിവരാണ് കുറച്ചെങ്കിലും പിടിച്ചു നിന്നത്.
















Comments