കണ്ണൂർ: കണ്ണൂർ സ്വദേശി മാനസയുടെ കൊലപാതകത്തിൽ പ്രതി രാഖിൽ കൂട്ടാളികളോടൊപ്പം തോക്ക് വാങ്ങാൻ പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. രാഖിൽ അടക്കം അഞ്ചംഗ സംഘം വാഹനത്തിൽ ഇരിക്കുന്നതിന്റെ ദൃശ്യങ്ങളും തോക്കിൽ വെടിയുതിർത്ത് നോക്കുന്നതിന്റെ ദൃശ്യങ്ങളുമാണ് പുറത്തുവന്നത്. ഇടനിലക്കാരനായിരുന്ന മനേഷ് കുമാർ തോക്ക് ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കഴിഞ്ഞ ദിവസം രാഖിലിനെ സഹായിച്ച രണ്ട് ബിഹാർ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ചിത്രങ്ങൾ പോലീസിന് ലഭിച്ചത്. തോക്ക് നൽകിയ സോനു കുമാർ മോദി, ടാക്‌സി ഡ്രൈവർ മനേഷ് കുമാർ എന്നിവരാണ് പിടിയിലായത്. ഇവരെ ഇന്ന് പോലീസ് കൊച്ചിയിലെത്തിയ്‌ക്കും. ബിഹാർ പോലീസിന്റെ സഹായത്തോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
തോക്കിന് രാഖിൽ 35,000 രൂപ നൽകിയെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. രാഖിലിന് തോക്ക് ലഭിക്കുന്നതിനായി മറ്റാരുടെ എങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കും. മാനസയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയ രാഖിൽ ബിഹാർ മുൻഗർ ജില്ലയിലെ ഖപ്രതാര ഗ്രാമത്തിലുള്ള സോനു കുമാറിൽ നിന്നാണ് തോക്ക് വാങ്ങിയത്. രാഖിലിനെ സോനുവിന്റെ അടുത്ത് എത്തിച്ച ആളാണ് മനേഷ് കുമാർ.
ജൂലൈ 31നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. നെല്ലിക്കുഴിയിലെ ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന മാനസയെ, താമസിക്കുന്ന വീട്ടിൽ എത്തിയാണ് രാഖിൽ കൊലപ്പെടുത്തിയത്. സംഭവത്തിൽ രാഖിലിന് തോക്ക് ലഭിക്കുന്നത് ബിഹാറിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് അന്വേഷണ സംഘം ബിഹാറിലേക്ക് യാത്ര തിരിക്കുന്നത്.
Comments