മുംബൈ: മഹാരാഷ്‌ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനായി തെരച്ചിൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ അന്വേഷണം ആരംഭിച്ചത് മുതൽ ഇയാൾ ഒളിവിലാണെന്നാണ് വിവരം. നാല് തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടും ഹാജരായില്ല. തുടർന്ന് ദേശ്മുഖിനെ കണ്ടെത്താനായുള്ള ശ്രമം ശക്തമാക്കിയിരിക്കുകയാണ്.
മുംബൈയിലെ പ്രമുഖ ഹോട്ടലുകളിൽ ഒളിവിൽ കഴിയുന്നതായാണ് വിവരം. തുടർന്ന് നാഗ്പൂരിലെ ദേശ്മുഖിന്റെ ഹോട്ടലുകളിൽ അടക്കം ഇഡി സംഘം പരിശോധന നടത്തിയിരുന്നു. റെയ്ഡിൽ അന്വേഷണത്തിന് സഹായകരമാകുന്ന നിരവധി തെളിവുകൾ ലഭിച്ചുവെന്നാണ് വിവരം. നാഗ്പൂരിലെ ട്രവോട്ടൽ ഹോട്ടലിലാണ് ഇഡി ഇന്നലെ റെയ്ഡ് നടത്തിയത്.
ഇഡിയ്‌ക്ക് മുന്നിൽ ഹാജരാകുമെന്ന് കഴിഞ്ഞ മാസം ദേശ്മുഖ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ദേശ്മുഖ് ഒളിവിൽ പോകുകയായിരുന്നു. മുംബൈ പോലീസ് മുൻ കമ്മീഷണർ പരംബീർ സിംഗ് ഉന്നയിച്ച അഴിമതി ആരോപണത്തിൽ ബോംബെ ഹൈക്കോടതി നിർദ്ദേശം അനുസരിച്ചാണ് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചത്. കള്ളപ്പണ ഇടപ്പടുകൾ കണ്ടെത്തിയതോടെ ഇ.ഡി കേസെടുക്കുകയായിരുന്നു.
ദേശ്മുഖിന്റെ രണ്ട് കൂട്ടാളികളേയും ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ നാല് കോടി രൂപയുടെ സ്വത്തും ഇഡി കണ്ടുകെട്ടി. ദേശ്മുഖിന്റെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് പലാൻഡെയേയും പേഴ്‌സണൽ അസിസ്റ്റന്റ് കുന്ദൻ ഷിൻഡെയേയുമാണ് ഇഡി അറസ്റ്റ് ചെയ്തത്. മുംബൈയിലെ ബാറുകളിൽ നിന്നും നൂറ് കോടി രൂപ പിരിച്ച് നൽകാനാണ് ദേശ്മുഖ് പോലീസുകാരോട് ആവശ്യപ്പെട്ടത്.
















Comments