ന്യൂഡൽഹി : ഒബിസി പട്ടിക തയ്യാറാക്കാൻ സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികാരം നൽകുന്ന ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. ഭരണഘടനയിലെ 127ാം വകുപ്പിന്റെ ഭേദഗതി ബില്ലാണ് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രി വീരേന്ദ്ര കുമാർ സഭയിൽ അവതരിപ്പിച്ചത്. നിർണായക ബില്ലായതിനാൽ സഹകരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
2021 മേയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി മറാത്ത സംവരണം എടുത്തു കളഞ്ഞിരുന്നു. ഇത് മറാഠ വിഭാഗത്തിൽ നിന്നും ശക്തമായ പ്രതിഷേധത്തിനാണ് കാരണമായത്. ഇതിന് പിന്നാലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ക്രിസ്ത്യൻ, നാടാർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത്.
പ്രതിപക്ഷ സഹകരണം ഉറപ്പായതോടെ ബിൽ അധികം വൈകാതെ തന്നെ രാജ്യസഭയിൽ അവതരിപ്പിക്കും. രാജ്യസഭയിലും ബില്ലിനെ പ്രതിപക്ഷം പിന്തുണയ്‌ക്കും. രാജ്യസഭ അംഗീകരിക്കുന്ന പക്ഷം ഒബിസി പട്ടിക തയ്യാറാക്കാനുള്ള പൂർണ അധികാരം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ലഭിക്കും. നിലവിൽ പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിനുള്ള അധികാരം രാഷ്‌ട്രപതിയ്‌ക്കാണ്.
Comments