കണ്ണൂർ: അനധികൃതമായി വാഹനത്തിൽ രൂമാറ്റം വരുത്തിയതിന് പിഴ നൽകാമെന്നും ജാമ്യം അനുവദിക്കണമെന്നും അറസ്റ്റിലായ വ്‌ളോഗർ സഹോദരങ്ങൾ കോടതിയിൽ. ഇ ബുൾജെറ്റ് വ്‌ളോഗർമാരുടെ ജാമ്യാപേക്ഷ കണ്ണൂർ മുൻസിഫ് കോടതി 12-ാം തീയതി പരിഗണിക്കും. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ആറ് വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
കണ്ണൂർ കളക്ട്രേറ്റിലെ ആർഡിഒ ഒഫീസിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിലാണ് സഹോദരങ്ങളായ ലിബിനേയും എബിനേയും പോലീസ് അറസ്റ്റ് ചെയ്തത്. നെപ്പോളിയൻ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് ഓൾട്ടറേഷൻ വരുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാൻ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യത്തിൽ തുടർ നടപടികൾക്കായി ഓഫീസിൽ ഹാജരാകാനും ആവശ്യപ്പെട്ടു. എന്നാൽ ചൊവ്വാഴ്‌ച്ച ഇരുവരും ഓഫീസിലെത്തി സംഘർഷമുണ്ടാക്കുകയായിരുന്നു.
പൊതുമുതൽ നശീകരണം തടയൽ നിയമത്തിലെ 3(1) വകുപ്പ് പ്രകാരം കേസുണ്ട്. ഒൻപത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഐപിസി 353ാം വകുപ്പും ചുമത്തി. ഇവ രണ്ടും ജാമ്യമില്ലാ വകുപ്പുകളാണ്. വാഹനം നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് 42,000 രൂപയാണ് പിഴയിട്ടത്.
















Comments