കണ്ണൂർ: യൂട്യൂബ് വ്‌ളോഗർമാരായ ഇബുൾജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിൽ വിശദീകരണവുമായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഐപിഎസ്. വ്‌ളോഗർമാർക്കെതിരെ കേസെടുത്തിരിക്കുന്നത് കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ്. ഇവരെ കൂടാതെ 17 സപ്പോർട്ടർമാർക്കെതിരേയും കേസെടുത്തിട്ടുണ്ട്. പോലീസ് സമൂഹമാദ്ധ്യമങ്ങൾ നിരീക്ഷിക്കുകയാണെന്നും പ്രകോപനപരമായ പോസ്റ്റുകൾ ഇടുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ഇരിട്ടി കിളിയന്തറ സ്വദേശികളായ എബിൻ, ലിബിൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌റ്റേഷനിൽ വെച്ച് പോലീസ് മർദ്ദിച്ചുവെന്ന ആരോപണവുമായി ഇവർ എത്തിയിരുന്നു. ഈ ആരോപണം പരിശോധിക്കാമെന്നും അദ്ദേഹം അറിയിച്ചു. അറസ്റ്റിനെ എതിർത്തപ്പോൾ ബലം പ്രയോഗിച്ച് നീക്കിയിരുന്നു. അപ്പോൾ ഉണ്ടായ മർദ്ദനമാവാൻ സാദ്ധ്യത ഉണ്ടെന്നും ഇളങ്കോ കൂട്ടിച്ചേർത്തു.
ഇവരുടെ കേരളത്തിന് പുറത്ത് നിന്നുള്ള നിയമ ലംഘന വീഡിയോ പരിശോധിക്കും. എവിടെ നിന്നാണെന്ന് പരിശോധിച്ച് അവിടേക്ക് വിവരം കൈമാറും. ഇവർക്കെതിരെ ഉള്ള നടപടിയിൽ എതിരഭിപ്രായം ഉണ്ടെങ്കിൽ ബന്ധപ്പെട്ടവരെ അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പരസ്യമായി അസഭ്യം പറയുക, പോലീസ് സ്‌റ്റേഷൻ ആക്രമിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്തതിനാണ് വ്‌ളോഗർമാർക്കെതിരെ കേസെടുത്തതെന്നും ആർ ഇളങ്കോ പ്രതികരിച്ചു.
















Comments