ന്യൂയോർക്ക്: അഫ്ഗാനിൽ രാഷ്‌ട്രീയ സമവായത്തിനായി ഐക്യരാഷ്‌ട്രസഭയുടെ നീക്കം. താലിബാൻ ഭീകരാക്രമണം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം. ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസിന്റെ വക്താവ് സ്റ്റെഫാൻ ദുജാറിക്കാണ് വിവരം അറിയിച്ചത്.
ദോഹ സമാധാന കരാറിനെ മുഴുവൻ കാറ്റിൽ പറത്തിയാണ് താലിബാൻ അക്രമം വ്യാപിപ്പിക്കുന്നത്. അമേരിക്കൻ സൈന്യം ഈ മാസം പൂർണ്ണമായും പിൻവാങ്ങുന്നതോടെ അധികാരം പിടിക്കാനാണ് താലിബാൻ ശ്രമം. സാധാരണക്കാരെ കൊന്നൊടുക്കി നടത്തുന്ന അധികാരം പിടിക്കൽ സമാധാനത്തിന്റെ എല്ലാ അതിരുകളും ലംഘിക്കുന്ന തരത്തിലാണെന്ന് സ്റ്റെഫാൻ പറഞ്ഞു.
അഫ്ഗാനിലെ വിവിധ രാഷ്‌ട്രീയ പാർട്ടികളുമായി സമാധാനം പുന:സ്ഥാപിക്കാനുള്ള ചർച്ചകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഭരണകൂടങ്ങളുടെ നിലനിൽപ്പിൽ ആ നാട്ടിലെ പാർട്ടികൾക്ക് സുപ്രധാന പങ്ക് നിർവ്വഹിക്കാനുണ്ടെന്നതിനാലാണ് ചർച്ചക്ക് ശ്രമിക്കുന്ന തെന്നാണ് ഐക്യരാഷ്‌ട്ര സഭയുടെ നയം. ഇതിനിടെ അമേരിക്കൻ സ്ഥാനപതി സാൽമായ് ഖലീൽസാദ് ഖത്തറിലെത്തി മറ്റ് ലോകരാജ്യങ്ങളെ അഫ്ഗാനിൽ ഇടപെടുത്താനുള്ള നീക്കത്തിലാണ്.
നിലവിൽ അഫ്ഗാനിൽ പ്രവിശ്യകൾ പിടിച്ചെടുക്കാനുളള പോരാട്ടത്തിലാണ് താലിബാൻ. ഭൂരിഭാഗം ജില്ലകളും താലിബാൻ കയ്യടക്കി മുന്നേറുന്നതായാണ് റിപ്പോർട്ട്. നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കുന്നത് നിത്യസംഭവമായിക്കഴിഞ്ഞു. സ്ത്രീകളെ വീടുകളിൽ നിന്നും ഇറക്കാത്ത നയം പിടിച്ചെടുക്കപ്പെട്ട എല്ലാ ജില്ലകളിലും താലിബാൻ നടത്തുന്നതായും റിപ്പോർട്ടുണ്ട്. ഇതിനിടെ ശക്തമായി ചെറുത്തു നിൽക്കുന്ന അഫ്ഗാൻ സൈന്യത്തിനായി അമേരിക്കയുടെ ബോംബർവിമാനങ്ങളും ഭീകരരുടെ താവളങ്ങൾക്ക് നേരെ ആക്രമണം നടത്തുകയാണ്.
















Comments